ലഖ്നോ: പുതിയതായി പണി പൂർത്തിയാക്കിയ റോഡിന്‍റെ ഉദ്ഘാടനത്തിന് തേങ്ങയുടച്ച ബി.ജെ.പി എംഎൽ.എക്ക് എട്ടിന്‍റെ പണി. തേങ്ങക്ക് പകരം പൊളിഞ്ഞത് റോഡാണെന്ന് മാത്രം. നിർമാണം പൂർത്തിയായ പുതുപുത്തൻ റോഡാണ് പൊളിഞ്ഞത്. ഉത്തർപ്രദേശിലെ ബിജ്നോറിൽ, ഒന്നേകാൽ കോടി രൂപ ചെലവിൽ പുനർനിർമിച്ച ഏഴു കിലോമീറ്റർ റോഡ് ഉദ്ഘാടനം ചെയ്യാൻ ബി.ജെ.പി എം.എൽ.എ സുചി മൗസം ചൗധരി എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്ഘാടനത്തിനായി തേങ്ങ ഉടച്ചപ്പോൾ റോഡിന്‍റെ ഭാഗം ഇളകിയ വിവരം എം.എൽ.എ തന്നെയാണ് പുറത്തു പറഞ്ഞത്. ഉദ്യോഗസ്ഥർ എത്തുന്നതിനായി മൂന്നു മണിക്കൂറിലേറെ നേരം അവർ സ്ഥലത്തു കാത്തിരുന്നു. വിദഗ്ധ പരിശോധനക്കായി റോഡിന്‍റെ സാംപിൾ ശേഖരിക്കാൻ സഹായിച്ചതിനുശേഷമാണ് അവർ പോയത്. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സുചി ചൗധരി അറിയിച്ചു.
'റോഡ് നിർമാണത്തിൽ അപാകത കണ്ടെത്തിയിട്ടുണ്ട്. അംഗീകൃത നിലവാരം പുലർത്തിയിട്ടില്ല. റോഡിന്‍റെ ഉദ്ഘാടനം തൽക്കാലത്തേയ്ക്കു മാറ്റിവക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റുമായി സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനു മൂന്നംഗ സംഘത്തെ നിയോഗിച്ചു.'– എം.എൽ.എ പറഞ്ഞു.
അതേസമയം, റോഡ് നിർമാണത്തിൽ അഴിമതിയുണ്ടെന്ന ആരോപണം ബിജ്‌നോറിലെ ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വികാസ് അഗർവാൾ നിഷേധിച്ചു. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ജില്ലാ മജിസ്ട്രേറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.