ന്യൂഡൽഹി: അടുത്ത വർഷം രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യക്ക് ആവേശം പകർന്ന് ഉപതെരഞ്ഞെടുപ്പ് ഫലം. ആറ് സംസ്ഥാനങ്ങളിലായി ഏഴ് സീറ്റുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിൽ പ്രതിപക്ഷം സഖ്യം ജയിച്ചപ്പോൾ മൂന്നിടത്താണ് ബി.ജെ.പി ജയിച്ചത്. ഇൻഡ്യ ഘടകകക്ഷികളായ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ഝാർഖണ്ഡ് മുക്തി മോർച്ച, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഓരോ സീറ്റുകൾ വീതം നേടി. ബി.ജെ.പി അമിത ആത്മവിശ്വാസം പുലർത്തുന്ന യോഗി ആദിത്യനാഥിന്റെ യു.പിയിൽ 42,000ലേറെ വോട്ട് വ്യത്യാസത്തിലാണ് ബി.ജെ.പി നേതാവ് ദാരാ സിങ്ങ് ചൗഹാൻ പരാജയമേറ്റുവാങ്ങിയത്. ഇൻഡ്യ സഖ്യം രുപീകരിച്ചതിന് ശേഷം നടന്ന ആദ്യ അഗ്നിപരീക്ഷയിലാണ് മിന്നുന്ന നേട്ടത്തോടെ തുടക്കമിട്ടത്.
ഇൻഡ്യ സഖ്യവും എൻ.ഡി.എയും നേരിട്ട് ഏറ്റുമുട്ടിയ ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ ശേഷം തന്റെ സിറ്റിങ് സീറ്റായ ഘോസിയിൽ വീണ്ടും മൽസരിച്ച ബി.ജെ.പിയുടെ ഒ.ബി.സി മുഖം ദാരാ സിങ്ങ് ചൗഹാൻ ദയനീയ പരാജയമേറ്റുവാങ്ങി. കഴിഞ്ഞ തവണ എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചയാളാണ് ധാരാ സിങ് ചൗഹാൻ. ഒന്നാം യോഗി ആദിത്യനാഥ് സർക്കാറിൽ കാബിനറ്റ് മന്ത്രിയായിരുന്ന ചൗഹാൻ 2022ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ട് എസ്.പി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ രാജിവെച്ച് തിരികെ ബി.ജെ.പിയിലേക്ക് തന്നെ മടങ്ങിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ചൗഹാനെ ബി.ജെ.പി ഇത്തവണ സ്ഥാനാർഥിയാക്കുകയായിരുന്നു.
വിജയം നിർണായകം
ഘോസിയിലെ വിജയം ഇൻഡ്യ മുന്നണിക്ക് നിർണായകമാണ്. എല്ലാ ശക്തിയും വിഭവങ്ങളും ഉപയോഗിച്ചിട്ടും, ഹിന്ദുത്വ അജണ്ടകളും ജാതി സമവാക്യങ്ങളും ഒത്തുചേർത്തിട്ടും സമാജ്‌വാദി പാർട്ടി അജയ്യമായ ലീഡ് നേടിയതാണ് ഘോസിയിൽ കണ്ടത്. ഇന്ത്യാ ബ്ലോക്കും എൻഡിഎയും തമ്മിൽ നേരിട്ടുള്ള മത്സരമായിരുന്നു ഘോസിയിൽ നടന്നത്. ഇന്ത്യ സഖ്യത്തിൽ അംഗമല്ലാത്ത മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ഔദ്യോഗികമായി എൻ.ഡി.എയിൽ നിന്നും ഇന്ത്യ മുന്നണിയിൽ നിന്നും വിട്ടുനിൽക്കുന്ന നിലപാടാണ് ഇപ്പോൾ മായാവതിക്ക്.
‘ഘോസിയിൽ വിജയിച്ചത് എസ്.പിയുടെ സ്ഥാനാർഥിയല്ല. മറിച്ച് ഇന്ത്യൻ സഖ്യത്തിന്റെ സ്ഥാനാർഥിയാണ്.ഇത് പോസിറ്റീവ് രാഷ്ട്രീയത്തിന്റെ വിജയവും വർഗീയവും, നിഷേധാത്മകവുമായ രാഷ്ട്രീയത്തിന്റെ പരാജയവുമാണ്’- അഖിലേഷ് യാദവ് പറയുന്നു.
വർഗീയ കാർഡിറക്കി യോഗി
ഘോസിയിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഭഥ് സ്വയം ഹിന്ദുത്വ കാർഡ് പരസ്യമായി ഇറക്കിയിരുന്നു. സെപ്തംബർ രണ്ടിന് ഘോസിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് യോഗി വർഗീയത പറഞ്ഞത്. 1990-ൽ അന്നത്തെ മുലായം സിങ് സർക്കാർ അയോധ്യയിൽ ‘കർസേവകർ’ക്കെതിരെ വെടിയുതിർത്തതിനെ കുറിച്ച് ആദിത്യനാഥ് വോട്ടർമാരെ ഓർമ്മിപ്പിച്ചു. അന്ന് സംസ്ഥാനത്ത് എസ്.പിയായിരുന്നു അധികാരത്തിൽ.
ബി.ജെ.പിയെ വലയ്ക്കുന്ന പൂർവാഞ്ചൽ
2022ലെ തിരഞ്ഞെടുപ്പിൽ യു.പിയിലെ 403 അംഗ നിയമസഭയിൽ ബി.ജെ.പിയും സഖ്യകക്ഷികളും 273 സീറ്റുകൾ നേടിയെങ്കിലും കിഴക്കൻ യുപിയുടെ തെക്ക്, മധ്യ ഭാഗങ്ങളിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എസ്പി സഖ്യത്തിന്റെ 125 സീറ്റുകളിൽ ഭൂരിഭാഗവും ഈ പിന്നാക്ക മേഖലകളിൽ നിന്നാണ് ലഭിച്ചത്. ഗാസിപ്പൂരിലെ ഏഴ് സീറ്റുകളും, മൗവിൽ നാലിൽ മൂന്ന്, ജൗൻപൂരിൽ ഒമ്പതിൽ അഞ്ച്, ബല്യയിൽ ഏഴിൽ അഞ്ച്, അസംഗഢിൽ പത്ത്, ബസ്തിയിൽ അഞ്ചിൽ നാല്, അംബേദ്കർ നഗറിൽ അഞ്ച്, മൂന്ന് സീറ്റുകളും എസ്.പി വിജയിച്ചിരുന്നു.
ഘോസി ഉപതിരഞ്ഞെടുപ്പിൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രിജേഷ് പതക് എന്നിവരും സഖ്യകക്ഷികളിൽനിന്ന് സഞ്ജയ് നിഷാദ്, ആശിഷ് പട്ടേൽ, ഓം പ്രകാശ് രാജ്ഭർ എന്നിവരുൾപ്പെടെ മന്ത്രിമാരും ചൗഹാനുവേണ്ടി വൻ പ്രചാരണം നടത്തി. മണ്ഡലത്തിലെ മുസ്ലീം വോട്ടർമാരിലേക്ക് എത്താൻ പാർട്ടി അതിന്റെ മുസ്ലീം മുഖമായ മന്ത്രി ഡാനിഷ് ആസാദിനേയും രംഗത്ത് ഇറക്കിയിരുന്നു.
ലോക്കൽ പോലീസും ഭരണകൂടവും ഭരണകക്ഷിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്നും മുസ്ലീം പ്രദേശങ്ങളിലെ ആളുകൾ വോട്ടുചെയ്യുന്നത് തടയുന്നെന്നും എസ്.പി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യു.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പാർട്ടി പരാതിയും നൽകി.
തിരഞ്ഞെടുപ്പിൽ എസ്.പി ലീഡ് ചെയ്തപ്പോൾ കാബിനറ്റ് മന്ത്രിയായ സഞ്ജയ് നിഷാദ് മുസ്ലീം ജനസംഖ്യയുള്ള പ്രദേശങ്ങളെ പാകിസ്ഥാനുമായി തുലനം ചെയ്യുകയും മുസ്ലീം പ്രദേശങ്ങളിലെ വോട്ടുകൾ മാത്രം കണക്കാക്കിയതിനാലാണ് എസ്.പി മുന്നിലെത്തിയതെന്ന് പറയുകയും ചെയ്തിരുന്നു. ‘പാകിസ്ഥാൻ പ്രദേശങ്ങളിലെ ഇവിഎം എണ്ണുമ്പോൾ, പാകിസ്ഥാൻ വിജയിക്കുന്നതുപോലെ തോന്നുന്നു. എന്നാൽ ഞങ്ങളുടെ പ്രദേശങ്ങളിലെ പെട്ടികൾ പുറത്തുവരുമ്പോൾ അവർ ചിത്രത്തിൽ നിന്ന് പുറത്തുപോകും’ എന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രത്തിലെ അധികാരമാറ്റത്തിന് യു.പി വീണ്ടും നേതൃത്വം നൽകുമെന്ന് ഘോസിയിലെ ഇന്ത്യ സഖ്യ വിജയത്തിനുശേഷം അഖിലേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.