ഡെറാഡൂൺ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിച്ചാൽ ഏപ്രിൽ 19 വൈകുന്നേരം മുതൽ ഏപ്രിൽ 20 വരെ ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്റോറൻ്റ് അസോസിയേഷന്റെ ഭാഗമായ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും ബില്ലുകളിൽ 20 ശതമാനം ഇളവ് ലഭിക്കും.
ഉത്തരാഖണ്ഡിൽ വോട്ടവകാശം വിനിയോഗിക്കുന്നവർക്കാണ് ഈ അവസരം ലഭിക്കുന്നത്. ഈ വിഷയത്തിൽ അസോസിയേഷനും തെരഞ്ഞെടുപ്പ് കമ്മീഷനും ധാരണാപത്രത്തിൽ ഒപ്പുവച്ചു. സംസ്ഥാനത്ത് വോട്ടിംഗ് ശതമാനം ഉയർത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഏപ്രിൽ 19ന് പോളിംഗ് പൂർത്തിയായ ശേഷം ഞങ്ങളുടെ ഹോട്ടലുകളിൽ വരുന്നവർക്ക് ഏപ്രിൽ 20 വരെ ഭക്ഷണ ബില്ലിൽ 20 ശതമാനം ഇളവ് ലഭിക്കും. വോട്ടിംഗ് ശതമാനം വർധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഇങ്ങനെ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചത്. ഇളവ് ലഭിക്കാൻ ആളുകൾ വിരലിൽ പുരട്ടിയ മഷി കാണിച്ചാൽ മതിയെന്ന് ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് സന്ദീപ് സാഹ്നി പറഞ്ഞു.
സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കാൻ നിരവധി സംഘടനകൾ മുന്നോട്ട് വരുന്നുണ്ടെന്ന് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ വിജയ് കുമാർ ജോഗ്ദണ്ഡെ അറിയിച്ചു. ഉത്തരാഖണ്ഡ് ഹോട്ടൽ റെസ്റ്റോറന്റ് അസോസിയേഷനാണ് ഈ നിർദ്ദേശം നൽകിയതെന്നും അത് കമ്മീഷൻ അംഗീകരിച്ചതായും ജോഗ്ദണ്ഡെ പറഞ്ഞു.
ഏപ്രിൽ 19 മുതൽ ജൂൺ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായാണ് ഉത്തരാഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുക. നേരത്തെ 2014ലെയും 2019ലെയും പൊതുതിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും വിജയം നേടിയിരുന്നു. തെഹ്രി ഗർവാൾ, ഗർവാൾ, അൽമോറ, നൈനിറ്റാൾ-ഉദംസിംഗ് നഗർ, ഹർദ്വാർ എന്നിവയാണ് സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.