സുപ്രീംകോടതി വിധി വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് കേന്ദ്രസർക്കാർ അടിച്ചിറക്കിയത് 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ

ന്യൂഡൽഹി: ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കിയ സുപ്രീംകോടതിയുടെ ചരിത്ര വിധി വരുന്നത്. വിധി വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് കേന്ദ്രസർക്കാർ 8,350 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ അടിച്ചിറക്കിയതായി ദ ഇന്ത്യൻ എക്സ് റിപ്പോർട്ട് ചെയ്തു. പദ്ധതി തുടങ്ങിയ 2018 മുതൽ സർക്കാർ 35,660 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് അച്ചടിച്ചത്. അതിൽ ഒരു കോടി രൂപ മുഖവിലയുള്ള 33,000 ബോണ്ടുകളും 10 ലക്ഷം രൂപ മുഖവിലയുള്ള 26,600 ബോണ്ടുകളും ഉൾപ്പെടും. തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ അന്തകൻ എന്ന് വിശേഷിപ്പിക്കാവുന്ന ലോകേഷ് ബത്ര സമർപ്പിച്ച വിവരാവകാശ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ധനകാര്യമന്ത്രാലയം ഈ വിവരങ്ങൾ നൽകിയത്.

ഇലക്ടറൽ ബോണ്ടുകൾ അച്ചടിക്കുന്നതിനും കമ്മീഷനുമായി 13.94 കോടി രൂപ സർക്കാർ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിൽപ്പനക്കുള്ള കമ്മീഷനായി ജി.എസ്.ടി ഉൾപ്പെടെ 12.04 കോടി രൂപയാണ് ഈടാക്കിയത്. എന്നാൽ സംഭാവന നൽകിയവരിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ കമ്മീഷനോ ജി.എസ്.ടിയോ ഈടാക്കിയി​ട്ടില്ലെന്നാണ് ലഭ്യമായ വിവരം.

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന പിരിക്കാനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സംവിധാനം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമുള്ള സുപ്രധാന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാറിന് കനത്ത തിരിച്ചടിയാണ് ഇലക്ടറൽ ബോണ്ട് കേസിലെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചിന്‍റെ വിധി. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ തടയുന്നതാണ് ഇലക്ടറൽ ബോണ്ട് പദ്ധതി. നയരൂപീകരണത്തിൽ ഉൾപ്പടെ രാഷ്ട്രീയപാർട്ടികൾക്ക് സംഭാവന നൽകുന്നവർ ഇടപെടാൻ സാധ്യതയുണ്ട്. കള്ളപ്പണം തടയുന്നതിനുള്ള ഏകപോംവഴി ഇലക്ടറൽ ബോണ്ടല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ കോ​ർ​പ​റേ​റ്റു​ക​ളും മ​റ്റ് സ്ഥാ​പ​ന​ങ്ങളും കണക്കിൽപ്പെടാത്ത പണം രാഷ്ട്രീയ പാർട്ടികൾക്ക് കൈമാറുന്ന രീതിക്ക് അന്ത്യമാകും.

കോ​ർ​പ​റേ​റ്റു​ക​ൾ​ക്കും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ്വ​ന്തം വി​ലാ​സം വെ​ളി​പ്പെ​ടു​ത്താ​തെ രാഷ്ട്രീയ പാർട്ടികൾക്ക് ന​ൽ​കാ​വു​ന്ന സം​ഭാ​വ​ന​യാ​ണ് ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളിൽ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നൽകാനാവും. ആരാണ് പണം നൽകിയതെന്ന് പാർട്ടികൾക്ക് വെളിപ്പെടുത്തേണ്ടതില്ല.

ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം സം​ഭാ​വ​ന​യാ​യി ഇ​ല​ക്ട​റ​ൽ ബോ​ണ്ടു​ക​ൾ ​ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്കാണ്. 2022-23ൽ 1,300 ​കോ​ടി രൂ​പ​യാ​ണ് ബി.​ജെ.​പി സം​ഭാ​വ​ന പി​രി​ച്ച​ത്. കോ​ൺ​ഗ്ര​സി​ന് കി​ട്ടി​യ​തി​ന്റെ ഏ​ഴി​ര​ട്ടി തു​ക​യാ​ണി​ത്.  

Tags:    
News Summary - In weeks before Supreme Court scrapped scheme, Govt printed electoral bonds worth Rs 8,350 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.