സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധറാലി

ഇംഫാൽ: സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധ റാലി. ചുരാചന്ദ്പൂരിലാണ് റാലി അരങ്ങേറിയത്. കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു പ്രതിഷേധക്കാർ എത്തിയത്.

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെടുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. കലാപം തുടങ്ങി 79 ദിവസം പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിന്റെ പെൺമക്കൾക്കുണ്ടായ ദുരനുഭവം ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധമുയർത്താൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. കുറ്റവാളിക​ൾക്ക് വധശിക്ഷ വാങ്ങിനൽകുമെന്ന് മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരിച്ചിരുന്നു.

മണിപ്പൂർ വിഷയത്തിൽ മൗനം തുടർന്ന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമെല്ലാം രംഗത്തുവന്നിരുന്നു. മണിപ്പൂരിൽ മനുഷ്യത്വം മരിച്ചെന്നും മോദി സർക്കാറും ബി.ജെ.പിയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഭരണകൂടത്തിന്‍റെ സൂക്ഷ്മമായ സാമൂഹിക ഘടനയെയും തകർത്ത് മൊബോക്രസിയാക്കി മാറ്റിയെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. നരേന്ദ്രമോദിയുടെ മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയെന്ന ആശയം ആക്രമിക്കപ്പെടുമ്പോൾ ​പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'ക്ക് നിശ്ശബ്ദമായി ഇരിക്കാനാവില്ലെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനവും ഇടപെടലും ഇല്ലാത്തതാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.

സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നതായിരുന്നു ദൃശ്യം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽനിന്ന് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

Tags:    
News Summary - Incident of women being stripped naked: Massive protest rally in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.