ന്യൂഡൽഹി: ഏഴ് ദേശീയ പാർട്ടികളുടെ 2021-22ലെ വരുമാനത്തിന്റെ 66 ശതമാനവും ഇലക്ടറൽ ബോണ്ടുകൾ പോലുള്ള അജ്ഞാത ഉറവിടങ്ങളിൽനിന്നെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ). ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, എൻ.സി.പി, സി.പി.എം, സി.പി.ഐ, നാഷനൽ പീപിൾസ് പാർട്ടി എന്നീ ഏഴ് പാർട്ടികൾ 2021-22ൽ അജ്ഞാത സ്രോതസ്സുകളിൽനിന്ന് 2172 കോടി രൂപ സമാഹരിച്ചതായി ഔദ്യോഗിക കണക്കുകൾ അടിസ്ഥാനമാക്കി എ.ഡി.ആർ വ്യക്തമാക്കുന്നു. മൊത്തം വരുമാനത്തിന്റെ 66.04 ശതമാനമാണ് അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ളത്.
അതിൽ 83.41 ശതമാനം (1811.94 കോടി രൂപ) ഇലക്ടറൽ ബോണ്ടുകൾ വഴിയാണ് വന്നതെന്നും റിപ്പോർട്ട് പറയുന്നു. വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ ഈ പാർട്ടികൾ വെളിപ്പെടുത്തിയ വരുമാനമാണിത്. കമ്പനികൾക്ക് രാഷ്ട്രീയപാർട്ടികൾക്ക് പണം എത്രവേണമെങ്കിലും സംഭാവന ചെയ്യാനുള്ള ഉപാധിയാണ് ഇലക്ടറൽ ബോണ്ട്. നിലവിൽ 20,000 രൂപയിൽ താഴെ സംഭാവന നൽകുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ പേര് രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല.
ഇലക്ടറൽ ബോണ്ടുകൾ, കൂപ്പൺ വിൽപന, ദുരിതാശ്വാസ ഫണ്ട്, വിവിധ വരുമാനം, സന്നദ്ധ സംഭാവനകൾ, യോഗങ്ങൾ, റാലികൾ എന്നിവയാണ് അജ്ഞാത സ്രോതസ്സുകളായി കണക്കാക്കുന്നത്. 2021-22 സാമ്പത്തികവർഷം അജ്ഞാത സ്രോതസ്സുകളിൽനിന്ന് ബി.ജെ.പിക്ക് ലഭിച്ചത് 1161 കോടി രൂപയാണ്.ഇത് ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 53.45 ശതമാനംവരും. ഇത് മറ്റ് ആറ് ദേശീയപാർട്ടികളുടെ അജ്ഞാത സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 149.86 കോടി രൂപ കൂടുതലാണ്. ആറു പാർട്ടികൾക്കും കൂടി 1011.18 കോടി രൂപയാണ് ലഭിച്ചത്. ടി.എം.സിക്ക് 528 കോടി രൂപ ലഭിച്ചു. ഇത് ദേശീയ പാർട്ടികളുടെ മൊത്തം വരുമാനത്തിന്റെ 24.31 ശതമാനമാണ്.
2004-22നും ഇടയിൽ ദേശീയ പാർട്ടികൾ അജ്ഞാത സ്രോതസ്സുകളിൽനിന്ന് 17,249.45 കോടി രൂപ പിരിച്ചെടുത്തു. ഈ കാലയളവിൽ കൂപ്പണുകളിൽനിന്നുള്ള കോൺഗ്രസിന്റെയും എൻ.സി.പിയുടെയും സംയുക്ത വരുമാനം 4398.51 കോടി രൂപയാണ്. ഇലക്ടറൽ ബോണ്ടുകൾ ഒഴികെ ടി.എം.സിയുടെ മൊത്തം സംഭാവന 38 ലക്ഷം രൂപയാണ്.
എന്നാൽ, സംഭാവന പ്രസ്താവനയിൽ പാർട്ടി 43 ലക്ഷം രൂപ കാണിക്കുന്നുണ്ടെന്നും അതിനാൽ, 2021-22 സാമ്പത്തികവർഷത്തെ വെളിപ്പെടുത്തലിൽ പൊരുത്തക്കേടുണ്ടെന്നും എ.ഡി.ആർ ചൂണ്ടിക്കാട്ടുന്നു.ലെവി, അംഗത്വ ഫീസ്, പാർട്ടി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവ വഴിയാണ് സി.പി.ഐക്ക് സംഭാവന ലഭിച്ചത്. അജ്ഞാത സ്രോതസ്സുകളിൽ നിന്ന് സംഭാവന ലഭിച്ചിട്ടില്ലെന്ന് ബി.എസ്.പി അറിയിച്ചതായും സന്നദ്ധസംഘടന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.