ചെന്നൈ: ലോട്ടറി രാജാവായ സാൻറിയാഗോ മാർട്ടിെൻറ വിവിധ സ്ഥാപനങ്ങളിൽ നടന്ന ആദായനികുതി പരിശോധനയിൽ കോടികളുടെ അവിഹിത സമ്പാദ്യം കണ്ടെത്തി. കോടികളുടെ ഇടപാടുകൾ കണക്കിലുൾപ്പെടുത്തിയിട്ടില്ലെന്നതും അറിവായി.
ചെന്നൈ, കോയമ്പത്തൂർ, മുംബൈ, കൊൽക്കത്ത, ഗാങ്ടോക് തുടങ്ങിയ സ്ഥലങ്ങളിൽ മൊത്തം 70ഒാളം കേന്ദ്രങ്ങളിലാണ് ഒരേസമയം ആദായനികുതി റെയ്ഡ് അരങ്ങേറിയത്. ഏപ്രിൽ 30 മുതൽ മേയ് മൂന്നു വരെയാണ് പരിശോധന നടന്നത്. ലോട്ടറി ഇടപാടുകളിലൂടെ മാത്രമായുള്ള 595 കോടി രൂപയുടെ വരുമാനം കണക്കിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ഇക്കാര്യം മാർട്ടിൻ ഗ്രൂപ് സമ്മതിച്ചതായും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇതിന് പുറമെ വിവിധ റിയൽ എസ്റ്റേറ്റ്-വ്യവസായ സംരംഭങ്ങളിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് 619 കോടി രൂപയുടെ കണക്കിൽപെടാത്ത രസീതുകളും മറ്റു രേഖകളും പിടിച്ചെടുത്തു. ഇതിന് പുറമെ 5.8 കോടി രൂപ റൊക്കം പണമായും 24.57 കോടിയുടെ സ്വർണവും രത്നങ്ങളും കണ്ടെടുത്തു.
വിവിധ സ്ഥാപനങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ രേഖകളും പ്രമാണപത്രങ്ങളും പരിശോധിച്ചുവരുകയാണ്. കൊൽക്കത്ത വിമാനത്താവളത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ മാർട്ടിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്തതായും റിപ്പോർട്ടുണ്ട്.
സാൻറിയാഗോ മാർട്ടിെൻറ സഹായിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു
ചെന്നൈ: ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിെൻറ സഹായിയുടെ മരണത്തിൽ ദുരൂഹതകളേറുന്നു. കോയമ്പത്തൂരിലെ മാർട്ടിൻ ഹോമിയോപതി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ അക്കൗണ്ടൻറായ തുടിയല്ലൂർ ജി.എൻ. മിൽസ് ഉറുമാണ്ടംപാളയം ടി. പളനിസാമിയാണ് (45) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് കാരമട വെള്ളിയങ്കാട് ഭാഗത്തെ ജലാശയത്തിലാണ് പളനിസാമിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇൗയിടെ മാർട്ടിനുമായി ബന്ധപ്പെട്ട രാജ്യത്തെ 70ഒാളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ പളനിസാമിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തിരുന്നു. രണ്ടു ദിവസം തുടർച്ചയായി ഹാജരാകണമെന്നാണ് അധികൃതർ സമൻസ് അയച്ചിരുന്നത്.
പളനിസാമിയിൽനിന്ന് കോടികളുടെ അവിഹിത സമ്പാദ്യം സംബന്ധിച്ച വിവരങ്ങളും ലഭ്യമായതായി ഇവർ വ്യക്തമാക്കി. പ്രത്യേക സാഹചര്യത്തിൽ വലതു കൈയിലെ ഞെരമ്പ് മുറിച്ച് പളനിസാമി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. വെള്ളിയങ്കാട് ഭാഗത്തുനിന്ന് പളനിസാമിയുടെ സ്കൂട്ടർ കണ്ടെത്തിയിട്ടുണ്ട്. കാരമട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അതിനിടെ, 22 വർഷമായി മാർട്ടിെൻറ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന പളനിസാമിയുടെ മരണത്തിൽ സംശയം ബലപ്പെട്ടുവരുകയാണ്. പിതാവിെൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും മാർട്ടിെൻറ ഒാഫിസിലെ രണ്ടു ജീവനക്കാർക്ക് ഇതിൽ ബന്ധമുണ്ടെന്നും പളനിസാമിയുടെ മകൻ രോഹിൻകുമാർ ആരോപിച്ചു.
പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോവിൽ പകർത്തണമെന്നും ഉന്നതരുടെ ഇടപെടൽ ഉണ്ടാവുമെന്നതിനാൽ ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തണമെന്നും രോഹിൻകുമാർ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആവശ്യമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.