ന്യൂഡൽഹി: ഏറക്കാലമായി തുടരുന്ന സഹകരണവും നയതന്ത്ര ബന്ധവും പൂർവാധികം ശക്തിയോടെ തുടരാൻ ഇന്ത്യയും റഷ്യയും. ഇന്ത്യയും റഷ്യയും തമ്മിൽ സവിശേഷമായതും കാലാതീതവുമായ ബന്ധം നിലനിൽക്കുന്നുണ്ടെന്നും വർധിച്ചുവരുന്ന സാമ്പത്തിക സഹകരണത്തിന്‍റെ പശ്ചാത്തലത്തിൽ സന്തുലിതവും പരസ്പരം പ്രയോജനപ്പെടുന്നതുമായ രീതിയിൽ ഈ ബന്ധം മെച്ചപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ പറഞ്ഞു.
അതേസമയം, ഉക്രെയ്ൻ പ്രതിസന്ധി ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്‌കോയിൽ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്-19, സാമ്പത്തിക സമ്മർദങ്ങൾ, വ്യാപാര ബുദ്ധിമുട്ടുകൾ എന്നിവ ആഗോള സമ്പദ്‍വ്യവസ്ഥയെ ബാധിച്ചതായും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. യുക്രെയ്ൻ സംഘർഷത്തിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ കാണുന്നു. തീവ്രവാദത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ശാശ്വതമായ പ്രശ്നങ്ങളുമുണ്ട്, ഇവ രണ്ടും വികസനത്തിന് വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്നും ജയ്ശങ്കർ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം പരിപോഷിപ്പിക്കുന്നതു സംബന്ധിച്ച് ചർച്ച നടന്നതായി മന്ത്രി അറിയിച്ചു. ദ്വിദിന റഷ്യ സന്ദർശനത്തിനായി തിങ്കളാഴ്ചയാണ് ജയ്ശങ്കർ മോസ്കോയിൽ എത്തിയത്. യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനുശേഷം ആദ്യമായാണ് ജയ്ശങ്കർ റഷ്യ സന്ദർശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.