ന്യൂഡൽഹി: ചൈന വീണ്ടും പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ലഡാക്കിൽ. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം ഇവിടെ എത്തിയത്. നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തും.
അതേസമയം, ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെയുള്ള ചൈന അതിർത്തിയിൽ ഇന്ത്യൻ സൈന്യം സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തി. ശനിയാഴ്ച അർധരാത്രിയും ഞായറാഴ്ച പുലർച്ചെയും ലഡാക്കിലെ പാൻഗോങ് തടാകത്തിെൻറ തെക്കൻ തീരത്ത് ചൈനയുടെ ഭാഗത്തുനിന്ന് ഏകപക്ഷീയമായ പ്രകോപനമുണ്ടായതിന് പിന്നാലെയാണ് സൈന്യം സുരക്ഷ വർധിപ്പിച്ചത്.
ഞായറാഴ്ച തന്നെ ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കം പൂർണമായി തടഞ്ഞ് തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിൽ സൈനികരെ വിന്യസിച്ചിരുന്നു. പാൻഗോങ് തടാക്കത്തിെൻറ വടക്കൻ തീരത്തുള്ള ഫിംഗർ -2, 3 പർവതനിരകൾക്ക് മുകളിലെ ചൈനീസ് സൈനികരുടെ ആക്രമണാത്മക നടപടി തടയാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
മെയ് ആദ്യം മുതൽ ചൈന ഫിംഗർ 4 മുതൽ 8 വരെയുള്ള ഭാഗങ്ങളിൽനിന്ന് പിൻവാങ്ങാൻ വിസമ്മതിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യൻ സൈന്യത്തെ ഫിംഗർ 4ന് സമീപം ചൈനീസ് സൈന്യം തമ്പടിച്ച ഭാഗങ്ങൾക്ക് അഭിമുഖമായി വിന്യസിച്ചിട്ടുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഡെപ്സാൻങ് ദൗലത്ത് ബെഗ് ഓൾഡി മേഖലയിലെ ചൈനീസ് ആർമിയുടെ നിർമാണപ്രവർത്തനങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. പാൻഗോങ് തടാകത്തേക്കാൾ കാരക്കോറം ചുരത്തിനടുത്തുള്ള ഡെപ്സാൻങ് തന്ത്രപരമായി ഏറെ പ്രധാനമാണ്.
കഴിഞ്ഞദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവലിെൻറ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകിയിരുന്നു. ഇതിന് പുറമെ ബുധനാഴ്ച 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ ഡിജിറ്റൽ സ്ട്രൈക്കുമായി ചൈനക്ക് പ്രഹരമേൽപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.