ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങണം- ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാരോടും വിദ്യാർഥികളോടും യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെട്ട് ഇന്ത്യ. ഇന്ത്യയിലേക്ക് മടങ്ങാൻ കൂടുതൽ വിമാന സർവീസുകളും സജ്ജമാക്കിയിട്ടുണ്ട്. യുക്രൈനിലെ ഇന്ത്യന്‍ എംബസി ജീവനക്കാരുടെ കുടുംബാംഗങ്ങളെയും നാട്ടിലേക്ക് അയക്കും.

നേരത്തെ മൂന്ന് വന്ദേഭാരത് സർവീസ് വിമാനങ്ങൾ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതിൽ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ഡൽഹിയിൽ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം യുക്രൈനിലേക്ക് പുറപ്പെട്ടത്. ഇതുകൂടാതെ ഫെബ്രുവരി 26, 26 മാർച്ച് 6 തീയതികളിലും പ്രത്യേക വിമാനങ്ങൾ യുക്രൈനിലേക്ക് സർവീസ് നടത്തുമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

സഹായം ആവശ്യമുള്ള യുക്രൈനിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയവുമായോ അല്ലെങ്കില്‍, കണ്‍ട്രോള്‍ റൂം വഴിയോ ബന്ധപ്പെടാം. യുക്രൈ്‌നിലെ ഇന്ത്യന്‍ എംബസിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഉക്രൈനിലുണ്ടാകുമെന്നാണ് കണക്ക്. ഇതിൽ അധികവും വിദ്യാർഥികളാണ്. ഇവരെ ആദ്യ പരിഗണന നൽകി നാട്ടിലെത്തിക്കാനാണ് സർക്കാർ നീക്കം. ഇന്ത്യക്കും യുക്രൈനുമിടയിൽ വിമാനസർവീസുകൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് പിന്നാലെയാണ് തീരുമാനം.

അതേസമയം യുക്രൈനിലെ വിമത മേഖലകൾ നിയന്ത്രണത്തിലാക്കാൻ റഷ്യയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിൻറെ ഭാഗമായി യുക്രൈനിലെ വിമത പ്രദേശങ്ങളായ ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രദേശങ്ങളുടെ സ്വാതന്ത്ര്യം റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ അംഗീകരിച്ചു. ഈ മേഖലകളിൽ റഷ്യൻ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കമാണ് പുടിൻ നടത്തുന്നത്. യുക്രൈൻ-റഷ്യ സമാധാന ചർച്ചകൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്ന നടപടിയാണിത്. 

Tags:    
News Summary - India asks its citizens, students to leave Ukraine immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.