ന്യൂഡൽഹി: ആദരമർപ്പിച്ചവർ വിതറിയ റോസാദളങ്ങൾ വകഞ്ഞുമാറ്റി തൂവെള്ള വിരിപ്പിൽനിന്ന് സീതാറാമിന്റെ ചേതനയറ്റ ശരീരം വിലാപയാത്രക്കെടുക്കുമ്പോൾ പുതുതലമുറ ആവേശത്തോടെ വിളിച്ചു: ‘കോമ്രേഡ് തേരേ സപ്നോം കോ, മൻസിൽ തക് പഹുംചായേംഗെ’ (സഖാവെ, നിങ്ങടെ സ്വപ്നം ഞങ്ങൾ വീടകങ്ങളിലെത്തിക്കും). അവസാനമായി ഒരു നോക്ക് കാണാനെത്തിയ നേതാക്കളും പ്രവർത്തകരുമെല്ലാം പ്രായഭേദമന്യേ അതേറ്റുവിളിച്ചു. സീതാറാം ഉയർത്തിയ മുദ്രാവാക്യങ്ങൾ ഇനി തങ്ങളിലൂടെ മുഴങ്ങുമെന്ന് ഉച്ചത്തിൽ വിളിച്ച് വികാരനിർഭരമായ യാത്രയയപ്പാണവർ നൽകിയത്.
ചൊല്ലിയും പറഞ്ഞും തീരാത്ത പ്രിയപ്പെട്ടവരുടെ ഈ സ്നേഹപ്രകടനങ്ങൾക്കിടയിൽ ശനിയാഴ്ച വൈകീട്ട് മൂന്നിന് സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം അന്ത്യയാത്രക്കായി റെഡ് വളന്റിയർമാർ പുഷ്പാലംകൃതമായ വാഹനത്തിലേക്ക് എടുത്തുവെച്ചു. ആ യാത്രയിലും സന്തതസഹചാരികളായ ഭാര്യ സീമ ചിശ്തി, സെക്രട്ടറി പി.വി. തോമസ്, മക്കളായ അഖില, ഡാനിഷ്, എ.കെ.ജി ഓഫിസ് സെക്രട്ടറി സി. നാരായണ എന്നിവർ സീതാറാമിന് കൂട്ടിരുന്നു.
ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പൊതുദർശനത്തിനു ശേഷം വെള്ളിയാഴ്ച സന്ധ്യയോടെയാണ് യെച്ചൂരിയുടെ ഭൗതികശരീരം വസന്ത് കുഞ്ചിലെ വസതിയിലെത്തിച്ചത്. അവിടെനിന്ന് ശനിയാഴ്ച രാവിലെ 10.10ന് പാർട്ടി കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിൽ പൊതുദർശനത്തിനെത്തിച്ചതു മുതൽ ദേശ ഭാഷാ കക്ഷി ഭേദമന്യേ നേതാക്കളുടെയും പ്രവർത്തകരുടെയും നിലക്കാത്ത പ്രവാഹമായിരുന്നു.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി, പാർട്ടി നേതാക്കളായ പി. ചിദംബരം, ജയ്റാം രമേശ്, മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സചിൻ പൈലറ്റ്, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, ഡി.എം.കെ നേതാക്കളായ കനിമൊഴി, ഉദയനിധി സ്റ്റാലിൻ, ആപ് നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കപിൽ സിബൽ, ചരിത്രകാരി റോമില ഥാപ്പർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേരള സ്പീക്കർ എ.എൻ. ഷംസീർ, മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കേരള കോൺഗ്രസ് നേതാവ് ജോസ് കെ. മാണി, ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി, കേരള മന്ത്രിമാർ, കേരളത്തിൽനിന്നുള്ള എം.പിമാർ എന്നിവരെല്ലാം യെച്ചൂരിക്ക് സ്നേഹാദരങ്ങളുമായെത്തി.
മൂന്ന് പതിറ്റാണ്ട് സീതാറാം യെച്ചൂരി സി.പി.എം പ്രവർത്തനത്തിന് നേതൃത്വം നൽകിയ ഗോൾ മാർക്കറ്റിലെ ഭായ് വീർ സിങ് മാർഗിലെ എ.കെ.ജി ഭവന് മുന്നിൽനിന്ന് മൂന്നുമണിക്ക് റെഡ് വളന്റിയർമാർ വഴിയൊരുക്കി വിലാപയാത്ര നീങ്ങി. തൊട്ടുപിന്നാലെ സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്, മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ, അംഗങ്ങളായ വൃന്ദ കാരാട്ട്, മുഹമ്മദ് സലീം, എം.എ. ബേബി, എ. വിജയരാഘവൻ, നീലോൽപൽ ബസു, സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എം.വി. ഗോവിന്ദൻ തുടങ്ങിയ പോളിറ്റ് ബ്യൂറോ അംഗങ്ങൾ. അവർക്ക് പിന്നിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, അതിന് പിന്നാലെ പാർട്ടി നേതാക്കളും പ്രവർത്തകരും കാൽനടയായി പ്രിയ സഖാവിനെ അനുഗമിച്ചു. ഡൽഹിയിലെ സമരഭൂമിയായ ജന്തർ മന്തറിന് അഭിമുഖമായുള്ള 14, അശോക റോഡിൽ വിലാപയാത്ര അവസാനിക്കുമ്പോൾ നാല് മണി കഴിഞ്ഞു. 1985ൽ സീതാറാം യെച്ചൂരി ആദ്യമായി കേന്ദ്ര കമ്മിറ്റി അംഗമായെത്തിയ പഴയ പാർട്ടി കേന്ദ്ര ആസ്ഥാനമായിരുന്നു 14, അശോക റോഡ്. തുടർന്ന് പോളിറ്റ് ബ്യൂറോ - കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വാഹനങ്ങളിൽ കയറി യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് വൈദ്യപഠനത്തിന് കൈമാറാനായി എയിംസിലേക്ക് നീങ്ങി.
രണ്ടു നാൾ മുമ്പ് ഉറ്റവരേറ്റുവാങ്ങിയ എയിംസ് മോർച്ചറിയുടെ അതേ വാതിലിലൂടെ തന്നെ സ്നേഹാദരവുകളേറ്റുവാങ്ങിയ സീതാറാമിന്റെ ഭൗതികശരീരം വൈദ്യപഠനത്തിനായി തിരികെ ഏൽപിച്ചു. തനിക്കേറ്റവും പ്രിയപ്പെട്ട ആതുരാലയമായ എയിംസിൽ തന്നെയായി യെച്ചൂരിയുടെ അന്ത്യനിദ്ര. സീതാറാം യെച്ചൂരി എന്ന വിപ്ലവനക്ഷത്രം ഇനി ചരിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.