“ഭരണകക്ഷിയുടെ ജനാധിപത്യ വിരുദ്ധ വഴികൾക്കെതിരെയാണ് ജനം പ്രവർത്തിച്ചത്” -ഖാർഗെ

ന്യൂഡൽഹി: ലോക്‌സഭയിൽ 236 അംഗങ്ങളുള്ള ഇൻഡ്യ സഖ്യം പാർലമെന്‍റിലും പുറത്തും യോജിച്ച് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സി.ഡബ്ല്യു.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വിവിധ സംസ്ഥാനങ്ങളിൽ തങ്ങളുടെ പങ്ക് വഹിച്ച ഇൻഡ്യ സഖ്യത്തിലെ പങ്കാളികളെ അംഗീകരിച്ചില്ലെങ്കിൽ ഞാൻ എന്‍റെ കടമയിൽ പരാജയപ്പെടും. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നമ്മൾ ഉന്നയിച്ച പ്രശ്നങ്ങൾ ജനങ്ങളെ അലട്ടുന്ന വിഷയങ്ങളാണ്. ഇൻഡ്യ സഖ്യം തുടരണം എന്നതാണ് ഞങ്ങളുടെ ദൃഢനിശ്ചയം. പാർലമെന്‍റിലും പുറത്തും ഒത്തൊരുമയോടെയും കൂട്ടായും പ്രവർത്തിക്കണം” -ഖാർഗെ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമായ വഴികൾക്കെതിരെയാണ് ജനങ്ങൾ സംസാരിച്ചതെന്ന് ഖാർഗെ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തെ രാഷ്ട്രീയത്തിന്‍റെ നിർണായകമായ തിരസ്കരണമാണിത്. ഭിന്നിപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ധ്രുവീകരണത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെ നിരാകരണമാണിതെന്നും ഖാർഗെ അഭിപ്രായപ്പെട്ടു.

ചില സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനം അവലോകനം ചെയ്യണമെന്നും നഗര കേന്ദ്രങ്ങളിൽ കോൺഗ്രസ് വോട്ട് വിഹിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. കമ്മിറ്റി രൂപീകരിക്കുമെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ നേരിട്ട് ചില സംസ്ഥാനങ്ങൾ സന്ദർശിക്കുമെന്നും ഖാർഗെ പറഞ്ഞു.

ഡൽഹി, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോൺഗ്രസിന് ഒരു സീറ്റ് പോലും ലഭിച്ചില്ല. രാജ്യസഭാ സ്ഥാനാർഥിയുടെ തോൽവിക്ക് ശേഷം കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു.

Tags:    
News Summary - Oppn bloc must work cohesively inside and outside House: Mallikarjun Kharge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.