കേന്ദ്ര ബജറ്റിലെ അവഗണന: ഇൻഡ്യ സഖ്യത്തിന്റെ പ്രതിഷേധം തുടങ്ങി

ന്യൂഡൽഹി: ആന്ധ്രപ്രദേശും ബിഹാറും ഒഴികെയുള്ള സംസ്ഥാനങ്ങളോട് ബജറ്റിൽ കാണിച്ച വിവേചനത്തിനെതിരെ ഇൻഡ്യ സഖ്യം പാർലമെന്റിന് പുറത്തും അകത്തും പ്രതിഷേധിച്ചു. ഇൻഡ്യ സഖ്യത്തിന്റെ ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ മുഖ്യ കവാടമായ ‘മകര ദ്വാറി’ന് മുന്നിൽ രാവിലെ 10.30നാണ് പ്രതിഷേധമൊരുക്കിയത്. പുറത്തെ പ്രതിഷേധത്തിനുശേഷം ഇരുസഭകളിലുമെത്തിയും പ്രതിഷേധിച്ച ഇൻഡ്യ എം.പിമാർ വിവേചനത്തിനെതിരെ ഇറങ്ങിപ്പോക്കും നടത്തി. മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, കല്യാൺ ബാനർജി, കെ.സി. വേണുഗോപാൽ, സഞ്ജയ് റാവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ബജറ്റ് എല്ലാവരോടും നീതി ചെയ്തില്ലെന്നും അത് കിട്ടാനാണ് തങ്ങൾ പോരാടുന്നതെന്നും രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‍വാദി പാർട്ടി, ഇടതുപാർട്ടികൾ, എൻ.സി.പി (ശരത് പവാർ), ശിവസേന (യു.ബി.ടി), ഡി.എം.കെ, ഇന്ത്യൻ യൂനിയൻ മുസ്‍ലിംലീഗ്, കേരള കോൺഗ്രസ്, ആർ.എസ്.പി തുടങ്ങി സഖ്യത്തിന്റെ എം.പിമാർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഫെഡറൽ സംവിധാനത്തിന്റെ എല്ലാ തത്ത്വങ്ങളും ലംഘിക്കുന്നതാണ് ബജറ്റെന്ന് കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ലോക്സഭ രാവിലെ 11മണിക്ക് സമ്മേളിച്ചയുടൻ തന്നെ ഇൻഡ്യ എം.പിമാർ പ്രതിഷേധം തുടങ്ങി.

പ്രതിഷേധം അരുതെന്ന് സ്പീക്കർ ഓം ബിർള വിലക്കിയതോടെ ഇൻഡ്യ എം.പിമാർ ഒന്നടങ്കം ഇറങ്ങിപ്പോയി. ഇതിനിടെ മുഖ്യകവാടം അടച്ച് മറ്റുള്ളവരെ പാർലമെന്റിലേക്ക് കടക്കാൻ അനുവദിക്കാതെയാണ് ഇൻഡ്യ എം.പിമാർ പ്രതിഷേധിച്ചതെന്ന് പരാതിപ്പെട്ട കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവിനനോട് ആ പരാതി എഴുതി നൽകാൻ സ്പീക്കർ ആവശ്യപ്പെട്ടു.

അന്തർദേശീയ പാർലമെന്ററി യൂനിയൻ പ്രസിഡന്റും താൻസാനിയ ദേശീയ അസംബ്ലി സ്പീക്കറുമായ തുലിയ ആക്സൺ രാജ്യസഭ നടപടികൾ വീക്ഷിക്കാൻ ഗാലറിയിലെത്തിയ നേരത്തായിരുന്നു രാജ്യസഭയിലെ പ്രതിഷേധം. ബജറ്റിലെ വിവേചനത്തിതെിരെ സംസാരിച്ച മല്ലികാർജുൻ ഖാർഗെ, ഇതിനെ അപലപിക്കുകയാണെന്നും നടപടിയിൽ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുകയാണെന്നും വ്യക്തമാക്കി. പിന്നീട് ഇരുസഭകളിലും തിരിച്ചുവന്ന പ്രതിപക്ഷ എം.പിമാർ സഭാനടപടികളുമായി സഹകരിച്ചു.

Tags:    
News Summary - INDIA bloc protest against Union Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.