ലോക്സഭയിൽ ബി.ജെ.പിക്ക് തിരിച്ചടി
ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് ലോക്സഭ സീറ്റുകളിൽ ബി.ജെ.പിക്ക് തിരിച്ചടി. കേന്ദ്രം ഭരിക്കുന്ന എൻ.ഡി.എയെ നയിക്കുന്ന ബി.ജെ.പിക്ക് രണ്ടു സിറ്റിങ് സീറ്റുകൾ നഷ്ടമായി. ഹിമാചൽ പ്രദേശിൽ തിരിച്ചു വരവിെൻറ സൂചനകൾ നൽകിയ കോൺഗ്രസ് മാണ്ഡി സീറ്റ് പിടിച്ചെടുത്തപ്പോൾ ദാദ്ര നഗർ ഹവേലി സീറ്റിൽ ശിവസേനയാണ് ബി.ജെ.പിക്ക് കനത്ത ആഘാതമേൽപിച്ചത്. മധ്യപ്രദേശിലെ കാണ്ഡവ സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നിലനിർത്താനായത്.
കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിൽ ശിവസേന ടിക്കറ്റിൽ മത്സരിച്ച കലാബെൻ ദേൽകർ 50,677 വോട്ടിെൻറ ഭൂരിപക്ഷത്തിന് ബിജെ.പിയിലെ മഹേഷ് ഗാവിതിനെ പരാജയപ്പെടുത്തി. മഹാരാഷ്ട്രക്ക് പുറത്ത് ശിവസേനയുടെ ആദ്യ തെരഞ്ഞെടുപ്പ് വിജയമാണിത്. മാണ്ഡിയിൽ കോൺഗ്രസിലെ പ്രതിഭ സിങ് 7490 വോട്ടിന് ബി.ജെ.പിയിലെ ബ്രിഗേഡിയർ കുശാൽ സിങ് ഠാകുറിനെ തോൽപിച്ചു.
13 സംസ്ഥാനങ്ങളിലെ 29 നിയമസഭ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ഹിമാചലിലൊഴിച്ച് മറ്റിടങ്ങളിൽ ഭരണകക്ഷികൾ നേട്ടമുണ്ടാക്കി. ഹിമാചലിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റുകളിലും രാജസ്ഥാനിലെ രണ്ടു സീറ്റുകളിലും കോൺഗ്രസ് ജയിച്ചു കയറിയേപ്പാൾ ബംഗാളിൽ നാലിൽ നാലും േനടി തൃണമൂൽ കോൺഗ്രസ് സമ്പൂർണ ആധിപത്യം നിലനിർത്തി. അസമിൽ ബി.ജെ.പി നേതൃത്വം നൽകുന്ന മുന്നണി ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റും തൂത്തു വാരി. കർണാടകയിൽ കോൺഗ്രസും ബി.ജെ.പിയും ഓരോ സീറ്റ് പങ്കിട്ടപ്പോൾ മധ്യപ്രദേശിൽ ബി.ജെ.പി രണ്ടിടത്തും കോൺഗ്രസ് ഒരു സീറ്റിലും ജയിച്ചു. ബിഹാറിൽ ജനതദൾ യുനൈറ്റഡ് രണ്ടു സീറ്റും നിലനിർത്തി. ഹരിയാനയിൽ കർഷക സമരത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു വീണ്ടും മത്സരിച്ച ഐ.എൻ.എൽ.ഡി സ്ഥാനാർഥി അഭയ് സിങ് ചൗതാലക്കാണ് വിജയം. മേഘാലയയിൽ ഭരണക്ഷിയായ നാഷനൽ പീപ്ൾസ് ഫ്രണ്ട് രണ്ടു സീറ്റിലും യുനൈറ്റഡ് ഡെമോക്രറ്റിക് പാർട്ടി ഒരു സീറ്റിലും ജയിച്ചു. ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് സീറ്റ് നിലനിർത്തിയപ്പോൾ െതലങ്കാനയിൽ ബി.ജെ.പി സീറ്റ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിൽ കോൺഗ്രസ് സീറ്റ് നിലനിർത്തി. മിസോറമിൽ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് സീറ്റ് പിടിച്ചെടുത്തു. നാഗാലൻഡിൽ നാഷനലിസ്റ്റ് ഡെമോക്രറ്റിക് പ്രോഗ്രസീവ് പാർട്ടി ജയിച്ചു.ദാദ്ര നഗർ ഹവേലിയിൽ സ്വതന്ത്ര എം.പിയായിരുന്ന മോഹൻ ദേൽകറുടെ ആത്മഹത്യയെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.
മമതയുടെ സ്വന്തം ബംഗാൾ
പശ്ചിമബംഗാളിൽ നാലു സീറ്റിൽ മൂന്നിലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശുപോലും തിരിച്ചുനൽകാതെയായിരുന്നു തൃണമൂൽ തേരോട്ടം. ദിൻഹാട്ട, ഖർദാഹ്, ഗോസാബ, ശാന്തിപൂർ എന്നിവിടങ്ങളിൽ എല്ലായിടത്തും റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച തൃണമൂൽ സ്ഥാനാർഥികൾ മൊത്തം 75 ശതമാനം വോട്ടും സ്വന്തമാക്കി. ദിൻഹാട്ടയിൽ ഉദയൻ ഗുഹയുടെ വിജയം 1,63,005 വോട്ടിനായിരുന്നുവെങ്കിൽ ഗോസബയിൽ സുബ്രത മൊണ്ടൽ 1,43,051 ഭൂരിപക്ഷം നേടി. ഖർദാഹിൽ 93,832ഉം ശാന്തിപൂരിൽ 64,675ഉം ആയിരുന്നു ഭൂരിപക്ഷം.
ഹിമാചലിൽ കോൺഗ്രസ് തിരിച്ചുവരവ്
തെരഞ്ഞെടുപ്പ് നടന്ന നാലു സീറ്റിലും ബി.ജെ.പിയെ തറപറ്റിച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയ കോൺഗ്രസിന് 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽനിന്ന് ഭരണം പിടിക്കാമെന്ന പ്രതീക്ഷ നൽകുന്നതാണ് ഫലങ്ങൾ. മാണ്ഡിക്ക് പുറമെ ഫതേഹ്പൂർ, അർകി, ജുബ്ബാൽ-കോട്ഖായ് നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾക്കായിരുന്നു വിജയം.
വടക്കുകിഴക്ക് പിടിച്ച് ബി.ജെ.പി സഖ്യം
അസം, മേഘാലയ, മിസോറാം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ മണ്ഡലങ്ങളും തൂത്തുവാരി ബി.ജെ.പി സഖ്യം. അസമിൽ സാമാജികർ മരിച്ചും കൂറുമാറിയും ഒഴിവുവന്ന സീറ്റുകളിലാണ് സഖ്യം വൻവിജയം നേടിയത്. തൗറ, മരിയാനി, ഭവാനിപൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ തവണ കോൺഗ്രസിനായി സഭയിലെത്തിയവർ ഇത്തവണ ബി.ജെ.പി ടിക്കറ്റിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ബോഡോലാൻഡ് മേഖലയിലെ ഗൊസായിഗോൺ, താമൽപൂർ എന്നിവിടങ്ങളിൽ പീപിൾസ് പാർട്ടി ലിബറലും വിജയിച്ചു.
മേഘാലയയിൽ ഭരണകക്ഷിയായ നാഷനൽ പീപിൾസ് പാർട്ടി കോൺഗ്രസിൽനിന്ന് രണ്ടു സീറ്റ് പിടിച്ചെടുത്തപ്പോൾ മോഫലാങ്ങിൽ മുൻ ഫുട്ബാളർ യൂജെനിസൺ ലിങ്ദോ യുനൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി ടിക്കറ്റിലും വിജയിച്ചു. മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ട് ഒരു സീറ്റിൽ വിജയിച്ചു. രണ്ടു സംസ്ഥാനങ്ങളിലും വിജയിച്ച മൂന്നു പാർട്ടികളും ബി.ജെ.പി സഖ്യകക്ഷികളാണ്.
കോൺഗ്രസിനൊപ്പം രാജസ്ഥാൻ
നേരത്തെ ബി.ജെ.പിക്കൊപ്പമായിരുന്ന ധരിയാവാദിലും സിറ്റിങ് സീറ്റായ വല്ലഭ്നഗറിലും കോൺഗ്രസ് മികച്ച വിജയം നേടിയത് ഗെഹ്ലോട്ട് നയിക്കുന്ന സംസ്ഥാന സർക്കാറിന് നേട്ടമായി. രണ്ടിടത്തും മികച്ച ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയം. ഇതോടെ, 200 അംഗ സഭയിൽ കോൺഗ്രസ് സാന്നിധ്യം 108 ആയപ്പോൾ ബി.ജെ.പി 71 ആയി ചുരുങ്ങി.
മധ്യപ്രദേശിൽ ബി.ജെ.പിക്ക് മേൽക്കൈ
ഖാണ്ഡ്വയിൽ ലോക്സഭയിലേക്കും റായ്ഗോൺ, പ്രിഥ്വിപൂർ, ജൊബാത് എന്നിവിടങ്ങളിൽ നിയമസഭയിലേക്കും ഉപതെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ മൂന്നിടത്ത് വിജയം പിടിച്ച് ബി.ജെ.പി. കോൺഗ്രസിനൊപ്പമായിരുന്ന ജൊബാത് ബി.ജെ.പി പിടിച്ചപ്പോൾ പാരമ്പര്യ ബി.ജെ.പി തട്ടകമായ റായ്ഗോൺ ഇത്തവണ കോൺഗ്രസിനെ കനിഞ്ഞു. കോൺഗ്രസ് എം.എൽ.എ ബ്രജേന്ദ്ര സിങ് റാേഥാർ മരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പ്രിഥ്വിപൂറിലും ബി.ജെ.പി ജയിച്ചു. വിജയത്തോടെ 230 അംഗ സഭയിൽ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 128 ആയി. മഹാരാഷ്ട്രയിൽ കോൺഗ്രസിെൻറ സിറ്റിങ് സീറ്റായ ദെഗ്ലൂർ ഇത്തവണയും പാർട്ടിക്കൊപ്പം നിന്നു. 41,917 വോട്ടുകൾക്കാണ് ജിതേഷ് അന്താപുർകറിെൻറ വിജയം.
ബി.ജെ.പി മുഖ്യമന്ത്രിയുടെ നാട് കോൺഗ്രസിനെ തുണച്ചു
കർണാടകയിൽ രണ്ടു നിയമസഭ മണ്ഡലങ്ങളിൽ ഒാരോന്ന് വിജയിച്ച് കോൺഗ്രസും ബി.ജെ.പിയും.മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നാടായ ഹാവേരി ജില്ലയിലെ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ ഹനഗൽ കോൺഗ്രസ് പിടിച്ചെടുത്തു.ജെ.ഡി-എസിെൻറ സിറ്റിങ് സീറ്റായ വിജയപുര ജില്ലയിലെ സിന്ദഗിയിൽ വൻ ഭൂരിപക്ഷത്തോടെ ബി.ജെ.പി ജയിച്ചു.ആന്ധ്രയിലെ ബദ്വേൽ സീറ്റിൽ വൈ.എസ്.ആർ കോൺഗ്രസ് സ്ഥാനാർഥി ദസരി സുധ 90,000 ലേറെ ഭൂരിപക്ഷവുമായി വിജയിച്ചപ്പോൾ തെലങ്കാനയിലെ ഹുസൂറാബാദിൽ ബി.ജെ.പിയും വിജയിച്ചു.
2018ലെ തെരഞ്ഞെടുപ്പിൽ 1683 വോട്ടുമാത്രം നേടിയിടത്താണ് ബി.ജെ.പി ഇത്തവണ ഭരണകക്ഷിയായ ടി.ആർ.എസിനെയും കടന്ന് ജയംതൊട്ടത്.ബിഹാറിൽ സീറ്റുകൾ നിലനിർത്തി ജെ.ഡി.യുനാലു വർഷത്തിനു ശേഷം തെരഞ്ഞെടുപ്പ് ഗോദയിൽ ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് തിരിച്ചെത്തിയിട്ടും ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സിറ്റിങ് സീറ്റുകളും നിലനിർത്തി നിതീഷ് കുമാറിെൻറ ജനതാദൾ യു. മുംഗേറിലെ താരാപുർ, ദർബംഗയിലെ കുശേശ്വർ അസ്താൻ എന്നിവയാണ് വാശിയേറിയ പോരാട്ടത്തിൽ ഭരണകക്ഷി നിലനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.