ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷം തുടരുന്നതിനിടയിൽ സുരക്ഷ സാഹചര്യങ്ങൾ വിലയിരുത്താൻ കര, വ്യോമ സേന മേധാവിമാരുടെ അതിർത്തി സന്ദർശനം. കരസേന മേധാവി ജനറൽ എം.എം നരവനെ രണ്ടു ദിവസത്തെ സന്ദർശനത്തിന് ലേയിലെത്തി. വ്യോമസേന മേധാവി ആർ.കെ.എസ്. ഭദോരിയ കിഴക്കൻ മേഖലയിലെ വ്യോമസേന കേന്ദ്രങ്ങൾ സന്ദർശിച്ചതിനു തൊട്ടുപിന്നാലെയാണിത്.
ചൈനയുടെ ഏതു പ്രകോപനവും ഉചിതമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ചില ഭാഗങ്ങളിലെ തൽസ്ഥിതി മാറ്റാൻ ചൈന നടത്തുന്ന ശ്രമങ്ങളോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. ആണവായുധം മുതൽ പരമ്പരാഗത ആയുധം വരെ ഉപയോഗിച്ചുള്ള പൂർണ തോതിലെ ഏറ്റുമുട്ടൽ സാധ്യതയടക്കം അതി സങ്കീർണമായ വെല്ലുവിളികളാണ് ഇന്ത്യ നേരിടുന്നത്. എന്നാൽ, ഏതു വെല്ലുവളിയും നേരിടാൻ ഇന്ത്യൻ സൈന്യം ഒരുക്കമാണ്. ചൈനയുമായുള്ള അതിർത്തി പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചാൽ കനത്ത വില നൽകേണ്ടി വരുമെന്ന് ജനറൽ റാവത്ത് പാകിസ്താന് മുന്നറിയിപ്പ് നൽകി. ചൈനയുടെ ഭാഗത്തുനിന്ന് ഈയിടെ പ്രകോപനപരമായ നടപടികളുണ്ടായതായി ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ, അത് ഏറ്റവും ഉചിതമായി കൈകാര്യം ചെയ്യാൻ ഇന്ത്യക്ക് കഴിയുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടി.
അതിനിടെ, ചൈനയുടെ ഏറ്റവും ഒടുവിലത്തെ പ്രകോപനത്തിൽ ഇന്ത്യയുടെ സ്പെഷൽ ഫ്രോണ്ടിയർ ഫോഴ്സിലെ സൈനികൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. തിബത്തൻ വംശജനും സേനയിലെ മുതിർന്ന അംഗവുമായ െടൻസിൻ നയ്മ(53)യാണ് മരിച്ചതെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. മറ്റൊരു കമാൻഡോക്ക് പരിക്കേൽക്കുകയും ചെയ്തതായി പറയുന്നു. ഇക്കാര്യം ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. പ്രത്യേക അതിർത്തി സേനയുമായി ബന്ധപ്പെട്ട് നിരവധി തിബത്തൻ സൈനികർ പ്രവർത്തിക്കുന്നുണ്ട്.
സന്ദർശനത്തിനിടയിൽ സേനയുടെ പ്രവർത്തനസജ്ജതയാണ് മേധാവിമാർ അവലോകനം ചെയ്യുന്നത്. മുതിർന്ന ഫീൽഡ് കമാൻഡർമാർ കരസേന മേധാവിയോട് സാഹചര്യങ്ങൾ വിശദീകരിച്ചു. ഇതിനിടെ, അതിർത്തി സംഘർഷം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ആത്മാർഥമായ ഇടപെടലുകളാണ് ചൈനയിൽനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യ. ചർച്ച മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും സർക്കാർ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിലെ പങോങ് മേഖലയിൽ നിലവിലെ സ്ഥിതി മാറ്റിമറിക്കാൻ ഏകപക്ഷീയമായി ചൈന ശ്രമിക്കുകയാണെന്ന് സർക്കാർ കുറ്റപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ചയും തിങ്കളാഴ്ചയും പങോങ് തടാകത്തിെൻറ തെക്കൻ തീരത്ത് ചൈനീസ് സേന പ്രകോപനപരമായി പ്രവർത്തിച്ചു. എന്നാൽ, ഇന്ത്യൻ സേന സജ്ജരായിരുന്നുവെന്നും തൽസ്ഥിതി മാറ്റാനുള്ള ശ്രമം തടഞ്ഞുവെന്നും ഔദ്യോഗിക കേന്ദ്രങ്ങൾ വിശദീകരിച്ചു. സംഘർഷം ലഘൂകരിക്കാൻ കമാൻഡർമാരുടെ തലത്തിൽ ഇരുപക്ഷവും ചർച്ച തുടരുേമ്പാൾ തന്നെയാണിത് നടന്നത്.
ഇക്കാര്യം നയതന്ത്ര, സൈനിക തലത്തിൽ ചൈനയുമായി സംസാരിച്ചിട്ടുണ്ട്. മുന്നണിയിലുള്ള സേനയോട് അച്ചടക്കവും നിയന്ത്രണവും പാലിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അതിർത്തി സംഘർഷം കുറക്കാൻ രണ്ടു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരും പ്രത്യേക പ്രതിനിധികളും തമ്മിലുണ്ടാക്കിയ ധാരണ ഉത്തരവാദിത്തപൂർവം നിർവഹിക്കപ്പെടണം. ഒരു പക്ഷവും പ്രകോപനം കാട്ടി സംഘർഷം വർധിപ്പിക്കരുത്. ചൈനയുടെ പ്രവൃത്തികളാണ് നാലുമാസമായി സംഘർഷ സാഹചര്യം സൃഷ്ടിക്കുന്നത്. സമാധാനപരമായ ചർച്ചകളിലൂടെ നിലവിലെ എല്ലാ വിഷയങ്ങളും പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും വക്താവ് കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഇന്ത്യൻ സേനയുടെ കൈവശമുണ്ടായിരുന്ന മലമ്പ്രദേശം തിരിച്ചു പിടിക്കാൻ നീങ്ങിയ ഇന്ത്യൻ സൈനികരെ ചൈനയുടെ പട്ടാളം വളഞ്ഞ സംഭവം ഉണ്ടായിരുന്നു. എന്നാൽ, യഥാർഥ നിയന്ത്രണ രേഖക്ക് ഇപ്പുറമുള്ള എല്ലാ മേഖലയും ഇപ്പോൾ ഇന്ത്യൻ സേനയുടെ സൈനിക നിയന്ത്രണത്തിലാണെന്ന് സേന വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.