ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ നിരവധി തവണ ഇന്തോ- ചൈനീസ് സേനകൾ വെടിവെപ്പ് നടത്തിയെന്ന് റിപ്പോർട്ട്. മോസ്കോയിൽ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് അതിർത്തിയിൽ ഇരുസേനയും വെടിവെപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്.
പാങ്ഗോങ് തടാകത്തിന് വടക്കായി സേനകൾ 200 റൗണ്ട് വരെ ആകാശേത്തക്ക് വെടിവെപ്പ് നടത്തി. ഫിംഗർ മൂന്ന്, നാല് മേഖലകളിലാണ് വെടിവെപ്പുണ്ടായത്. ചൈനീസ് സേന മുന്നേറ്റം നടത്തുന്നത് തടയാൻ ഇന്ത്യൻ സേന തുടർച്ചയായി ആകാശത്തേക്ക് വെടിയുതിർത്തു. ചൈനീസ് സേനയും പ്രകോപനകരമായ രീതിയിൽ വെടിവെപ്പ് നടത്തി. ഫിംഗർ മൂന്ന്്, നാല് മേഖലയിൽ ഇന്ത്യൻ സൈന്യത്തിന് മുൻതൂക്കമുണ്ട്. മേഖലകളിലെ മലമുകളിലാണ് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തുവെന്നായിരുന്നു ചൈനീസ് ആരോപണം. പിന്നീട് ചൈനയാണ് മുന്നേറ്റത്തിന് ശ്രമിക്കുകയും വെടിവെപ്പ് നടത്തുകയും പ്രകോപനം ഉണ്ടാക്കുകയും ചെയ്തതെന്ന് ഇന്ത്യൻ സേനയും പ്രതികരിച്ചു.
ജൂൺ 14ന് ഗാൽവാൻ താഴ്വരയിൽ കുന്തങ്ങളും തോക്കുകളുമുപയോഗിച്ച് ചൈനീസ് സേന നടത്തിയ ആക്രമണത്തിന് ശേഷമാണ് കിഴക്കൻ ലഡാക്കിൽ സംഘർഷം ആരംഭിച്ചത്. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പാങ്ഗോങ് തടാകത്തിന് പടിഞ്ഞാറൻ തീരത്തും വടക്കുമായി രണ്ടു തവണ വെടിവെപ്പുണ്ടായെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
സെപ്തംബർ 10ന് മോസ്കോയിൽ നടന്ന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ അതിർത്തിയിലെ സമാധാനം നിലനിർത്തുന്നതും സൈനികരെ പിൻവലിക്കുന്നതുമുൾപ്പെടെ അഞ്ച് പ്രധാന കാര്യങ്ങളിൽ ധാരണയിലെത്തിയിരുന്നു. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.