ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽനിന്ന് നേരേത്തയുള്ള സേന പിന്മാറ്റത്തിന് ഇന്ത്യ-ചൈന ഒമ്പതാംവട്ട സൈനികതല ചർച്ചയിൽ ധാരണ. ഇന്ത്യ-ചൈന അതിർത്തിയിൽ യഥാർഥ നിയന്ത്രണരേഖയിലെ പശ്ചിമ മേഖലയിൽ സംയമനം പാലിക്കാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും ശ്രമം തുടരും. അടുത്തുതന്നെ പത്താംവട്ട സൈനികതല ചർച്ച നടത്താനും 16 മണിക്കൂർ നീണ്ട ചർച്ചയിൽ തീരുമാനമായതായി പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സൈനികപിന്മാറ്റത്തിനുള്ള നടപടിക്രമങ്ങൾ ഇരു വിഭാഗവും ചർച്ചചെയ്തതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാവിലെ 10.30നു തുടങ്ങിയ ചർച്ച തീർന്നത് തിങ്കളാഴ്ച പുലർച്ച 2.30നാണ്. യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുടെ ഭാഗത്തുള്ള മോൽഡോ പോയൻറായിരുന്നു ചർച്ചാവേദി. സേനപിന്മാറ്റം, സംഘർഷം ഇല്ലാതാക്കൽ എന്നീ കാര്യങ്ങളിൽ ചൈനയാണ് തീരുമാനമെടുക്കേണ്ടത് എന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ഇരുപക്ഷത്തുമായി ലക്ഷത്തോളം സൈനികർ ഈ മേഖലയിലുണ്ട്.
രണ്ടാഴ്ച മുമ്പ് പങോങ്സു തടാകത്തിെൻറ ദക്ഷിണ തീരത്തുനിന്ന് പിടികൂടിയ ചൈനീസ് ഭടനെ ഇന്ത്യ കൈമാറിയത് ചർച്ചക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിനുമുമ്പുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ മാറണമെന്നാണ് ഇതുവരെയുള്ള ചർച്ചകളിൽ ഇന്ത്യ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ ഇന്ത്യൻപക്ഷത്തെ ലഫ്. ജനറൽ പി.ജി.കെ. മേനോനാണ് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.