ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പരസ്പര സംഘർഷം കുറച്ചുകൊണ്ടുവരൽ ലക്ഷ്യമിട്ടുള്ള ഇന്ത്യ-ചൈന സൈനികതല ചർച്ചയിൽ പുരോഗതിയില്ല. ഇന്ത്യ മുന്നോട്ടുവെച്ച ക്രിയാത്മക നിർദേശങ്ങളോട് ചൈനീസ് ഭാഗം പുലർത്തിയ നിഷേധാത്മക നിലപാട് കാരണമാണ് ഞായറാഴ്ച നടന്ന 13ാം വട്ട ചർച്ചയിൽ പുരോഗതി ഇല്ലാതെ പോയതെന്ന് ഇന്ത്യൻ കരസേന വൃത്തങ്ങൾ വ്യക്തമാക്കി.
തർക്കമുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിൽ ചൈന കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ വൃത്തങ്ങൾ പറഞ്ഞു. ''ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവെച്ച പുരോഗമനപരമായ നിർദേശങ്ങൾ ചൈന അംഗീകരിച്ചില്ല.
മാത്രമല്ല, ഭാവി മുന്നിൽകണ്ടുള്ള നിർദേശം മുന്നോട്ടുവെക്കുന്നതിലും അവർ പരാജയപ്പെട്ടു.'' -സേനാവൃത്തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കിഴക്കൻ ലഡാക്കിൽ യഥാർഥ നിയന്ത്രണ രേഖയിലെ ചൈനീസ് ഭാഗത്തുള്ള ചുശൂൽ-മോൾഡോ അതിർത്തിയിൽ നടന്ന ചർച്ച എട്ടു മണിക്കൂറോളം നീണ്ടു.
അതേസമയം, യുക്തിസഹമല്ലാത്തതും യാഥാർഥ്യബോധമില്ലാത്തതുമായ ആവശ്യങ്ങളാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നതെന്നും ഇത് ചർച്ചകളിൽ വിഷമം സൃഷ്ടിക്കുന്നവയാണെന്നുമുള്ള പ്രതികരണവുമായി ചൈനയും രംഗത്തെത്തി. അതിർത്തിയിലെ സംഘർഷ സാഹചര്യങ്ങൾ ലഘൂകരിക്കുന്നതിൽ ചൈന തികഞ്ഞ പ്രതിബദ്ധത കാണിക്കുന്നുണ്ടെന്നും പീപ്ൾസ് ലിബറേഷൻ ആർമി (പി.എൽ.എ)യുടെ വെസ്റ്റേൺ തിയറ്റർ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെട്ടു.
എന്നാൽ, തൽസ്ഥിതിയിൽ മാറ്റങ്ങളുണ്ടാക്കാൻ ചൈന തുടരുന്ന ഏകപക്ഷീയ പ്രവർത്തനങ്ങളാണ് നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.