ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ അതിർത്തിയിൽ ഇന്ത്യ - ചൈന സൈനികർ തമ്മിൽ സംഘർഷം. കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ സംഘർഷത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. കൈകാലുകൾ ഒടിഞ്ഞ ഏതാനും സൈനികർ ഗുവാഹതി ആശുപത്രിയിലാണ്. ചൈനയുടെ സൈനികർക്കും പരിക്കേറ്റുവെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. സംഘർഷത്തെക്കുറിച്ച് സേന പ്രതികരിച്ചിട്ടില്ല.
ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് 600 ചൈനീസ് സൈനികർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരു കൂട്ടരും ഏറ്റുമുട്ടൽ പ്രദേശത്തുനിന്ന് പിൻവാങ്ങിയിട്ടുണ്ട്.
ഗൽവാൻ സൈനിക കുരുതിക്കു ശേഷം ഇത്തരമൊരു ഏറ്റുമുട്ടൽ ആദ്യമാണ്. 2020 ജൂൺ 15നാണ് കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ചൈനീസ് ലിബറേഷൻ ആർമിയുമായുണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൈനയുടെ 40 പേരും മരിച്ചതായാണ് റിപ്പോർട്ട്.
അരുണാചൽ പ്രദേശ് അതിർത്തി മേഖലയിൽ ഇന്ത്യ-ചൈന സംഘർഷം ആദ്യമല്ല. അതിർത്തി വ്യക്തമായി തിരിക്കാൻ കഴിയാത്ത ഈ മേഖലയിൽ നിരീക്ഷണ യാത്രക്കിടയിൽ സൈനികർ തമ്മിൽ ഉരസൽ ഉണ്ടാകാറുണ്ട്. 2021 ഒക്ടോബറിലും സംഘർഷം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.