200നു മുകളിലുള്ള ‘ഇൻഡ്യ’; ഇന്ത്യക്ക്​ കരുത്താകും

ന്യൂഡൽഹി: ഏകാധിപത്യത്തിലേക്കുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തി​ന്‍റെ യാത്രക്ക്​ തടയിടുന്ന മികച്ച വിജയമാണ്​ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രൂപവത്​കരിച്ച്​ 30ലധികം പാർട്ടികൾ ഉൾക്കൊള്ളുന്ന ‘ഇൻഡ്യ’ എന്ന മഴവിൽ സഖ്യം സ്വന്തമാക്കിയത്​. ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും അമിത്​ ഷായുടെയും അപ്രമാദിത്വത്തെ ​വെല്ലുവിളിച്ചതിനൊപ്പം ജനാധിപത്യ ഇന്ത്യയുടെ ഭാവിക്കും കൂടി ഗുണകരമാകുന്ന നേട്ടമാണ്​ ‘ഇൻഡ്യ’ സഖ്യത്തിന്‍റേത്​. 18ാം ലോക്സഭ തെരഞ്ഞെടുപ്പിൽ ഏകപക്ഷീയ വിജയം സ്വന്തമാക്കി രാജ്യത്തെ തങ്ങളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച്​ മാറ്റിയെടുക്കാമെന്ന സംഘ്​ പരിവാർ മോഹത്തിനും കൂടിയാണ്​ രാഹുൽ ഗാന്ധിയും സംഘവും ഉശിരൻ പ്രകടനത്തിലൂടെ തടയിടുന്നത്​.

മോഹം 400 സീറ്റ്​; നിർണായക ഭരണഘടന ഭേദഗതികൾ

18ാം ലോക്സഭ തെര​ഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എ സഖ്യത്തി​ന്‍റെയും ലക്ഷ്യം ഒന്ന്​ മാത്രമായിരുന്നു. 400 എന്ന മാജിക്​ നമ്പർ തികക്കുക, ലോക്സഭയിൽ മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ഉറപ്പാക്കുക,. ബി.ജെ.പിക്ക്​ ഒറ്റക്ക്​ 370 സീറ്റ്​ നേടുക. രാജ്യത്തിന്‍റെ നെടു​ന്തൂൺ ആയ ഭരണഘടനയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്​ പിന്നിൽ. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ അടക്കം നിർണായക നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അടക്കമുള്ളവർ തെരഞ്ഞെടുപ്പിന്​ മുമ്പേ പ്രഖ്യാപിച്ചു. എന്നാൽ, എക്സിറ്റ്​  പോളുകളുടെ പ്രവചനങ്ങളെ പൊള്ളയാക്കി ‘ഇൻഡ്യ’ സഖ്യം അധികാരത്തിന്​ തൊട്ടടുത്തെന്ന രീതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മോദിയുടെയും ഷായുടെയും ഇത്തരം സ്വപ്നങ്ങളാണ്​ ഇല്ലാതാകുന്നത്​. നിർണായക ഭരണഘടന ഭേദഗതികൾക്ക്​ പാർലമെന്‍റിൽ മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ആവശ്യമാണ്​.

വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്​ എത്തുമ്പോൾ ‘ഇൻഡ്യ’ സഖ്യം 225 സീറ്റുകൾക്ക്​ മുകളിൽ ലീഡ്​ ചെയ്യുകയാണ്​. ഈ സാഹചര്യത്തിൽ ലോക്സഭയിൽ മൂന്നിൽ രണ്ട്​ ഭൂരിപക്ഷം ഇല്ലാത്തതിനാൽ നിർണായക ഭരണഘടന ഭേദഗതികളുമായി മുന്നോട്ടുവരാൻ ​മോദിക്കും അമിത്​ ഷാക്കും സാധിക്കില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്​’ നടപ്പാക്കാൻ ഭരണഘടന ഭേദഗതി വേണമെന്ന്​ സുപ്രീംകോടതി അഭിഭാഷകനും കോൺഗ്രസ്​ ആക്ടിവിസ്റ്റുമായ മുഹമ്മദ്​ ഖാൻ പറഞ്ഞു. പല സംസ്ഥാന സർക്കാറുകളെയും കാലാവധിയുടെ പകുതി പോലും പൂർത്തിയാകാതെ പിരിച്ചുവിടേണ്ട സ്ഥിതിയും വരുമെന്നും അദ്ദേഹം പറഞ്ഞു.

ആ പതിറ്റാണ്ട്​ അവസാനിച്ചു; ഇനി പ്രതിപക്ഷ​ നേതാവിന്‍റെ കരുത്ത്​

ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത പത്ത്​ വർഷമാണ്​ കടന്നുപോയത്​. 2014ലെയും 2019ലെയും ലോക്സഭ തെര​ഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ വൻ തോൽവിയോടെ ലോക്സഭയിൽ പ്രതിപക്ഷ നേതൃ സ്ഥാനം ഇല്ലാതായിരുന്നു. എന്നാൽ, ഈ തെരഞ്ഞെടുപ്പി​ലെ തിരിച്ചുവരവിലൂടെ ലോക്സഭയിൽ ഔദ്യോഗികമായി തന്നെ ​പ്രതിപക്ഷ നേതൃ സ്ഥാനം ഉറപ്പിക്കുന്നു. കോൺഗ്രസിന്​ മാത്രം നൂറോളം സീറ്റുകളാണ്​ നിലവിലെ നിലക്ക്​ ലഭിക്കുക. കഴിഞ്ഞ തവണ ഇത്​ 52 മാത്രമായിരുന്നു. പ്രതിപക്ഷ നേതാവിന്​ 55 സീറ്റ്​ ആയിരുന്നു വേണ്ടിയിരുന്നത്​. പ്രതിപക്ഷ നേതാവ്​ ഉണ്ടാകുന്നതോ​ടെ സഭക്കുള്ളിൽ ശക്​തമായ സാന്നിധ്യമാകാൻ സാധിക്കും. അതോടൊപ്പം ആരോടും ഒന്നിനോടും മറുപടി പറയേണ്ടതില്ലാത്ത രീതിയിൽ കഴിഞ്ഞ പത്ത്​ വർഷമായി ഭരണം നടത്തിയ എൻ.ഡി.എക്ക്​ മൂന്നാമൂഴത്തിൽ ശക്​തമായ പ്രതിപക്ഷത്തെ അതിജീവിക്കേണ്ടി വരും.

പാർലമെന്‍ററി സമിതികളിലെ അധ്യക്ഷർ

പ്രതിപക്ഷ നിരയിൽ എണ്ണം കൂടുന്നതോടെ പാർലമെന്‍ററി സമിതികളിൽ പ്രാതിനിധ്യവും അധ്യക്ഷ സ്ഥാനവും വർധിക്കും. ഇതിലൂടെ സർക്കാറിന്‍റെ പ്രവർത്തനങ്ങളെ വിലയിരുത്താനും തിരുത്താനുമുള്ള ശക്​തിയും ലഭിക്കും. നിലവിൽ രണ്ട്​ പാർലമെന്‍ററി സമിതികളുടെ അധ്യക്ഷ സ്ഥാനം മാത്രമാണ്​ പ്രതിപക്ഷ പാർട്ടികൾക്കുള്ളത്​. ഇത്​ വർധിക്കുകയും ​ചെയ്യും. സർക്കാറിന്‍റെ പ്രവർത്തനങ്ങളെ കൂടുതലായി നിരീക്ഷിക്കാനുള്ള അവസരം ലഭ്യമാകും.

മോദി അപ്രമാദിത്വത്തിന്‍റെ തകർച്ച

കഴിഞ്ഞ മൂന്ന്​ ലോക്സഭ തെരഞ്ഞെടുപ്പുകളിലും കേന്ദ്ര ബിന്ദു നരേന്ദ്ര മോദി തന്നെയായിരുന്നു. 2014ലും 2019ലും തകർപ്പൻ വിജയങ്ങളിലൂടെ ത​ന്‍റെ സ്ഥാനം ഉറപ്പിക്കാനും സാധിച്ചു. എന്നാൽ, 2024ൽ പ്രതിപക്ഷം ആ അപ്രമാദിത്വത്തെ വെല്ലുവിളിക്കുകയും ഒരു പരിധി വരെ തകർക്കുകയും ചെയ്തു. ​ മോദി ഫാക്ടർ എന്നുള്ളത്​ നിലനിൽക്കില്ലെന്ന്​ കാണിച്ചുകൊടുക്കാൻ സാധിച്ചു. ഈ തെരഞ്ഞെടുപ്പ്​ ഫലം മോദിക്ക്​ രാഷ്​ട്രീയമായി മാത്രമല്ല ധാർമികപരമായും പരാജയമാണെന്ന ​കോൺ​ഗ്രസ്​ നേതാവ്​ ജയ്​റാം രമേശിന്‍റെ പ്രതികരണം ഇക്കാര്യം വ്യക്​തമാക്കുന്നതാണ്​. എക്സിറ്റ്​ പോളുകൾ സർക്കാറിന്​ വേണ്ടിയാണെന്നുള്ള തങ്ങളുടെ ആരോപണം ശരിവെക്കുന്ന ഫലമാണ്​ പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ അവസാനിക്കുന്നില്ല, ഈ പോരാട്ടം

2004ൽ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തിൽ വന്നതിനേക്കാൾ മികച്ച നേട്ടമാണ്​ ഈ തെരഞ്ഞെടുപ്പിലേതെന്നാണ്​ ഒരു മുതിർന്ന കോ​ൺഗ്രസ്​ നേതാവ്​ പ്രതികരിച്ചത്​. ഈ വിജയത്തിന്​ വലിയ പ്രാധാന്യമുണ്ട്​. മോദിയുടെയും ബി.ജെ.പിയുടെയും പരാധീനത തുറന്നുകാട്ടുന്നതും കൂടിയാണ്​ ഈ ഫലം. ഒപ്പം രാജ്യത്തിന്‍റെ ജനാധിപത്യ മൂല്യങ്ങളെ ഭാഗികമായെങ്കിലും പുനഃസ്ഥാപിക്കാനും സാധിച്ചു- അദ്ദേഹം വ്യക്​തമാക്കി. കോൺഗ്രസിന്‍റെ പ്രചാരണ മികച്ച രീതിയിൽ പ്രവർത്തിച്ചതായി കൊൽക്കത്ത കേന്ദ്രമായുള്ള രാഷ്ട്രീയ നിരീക്ഷകൻ സുമൻ ചതോപധ്യായ പറഞ്ഞു. എന്നാൽ, പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഈ ഇൻഡ്യ സഖ്യം തുടരുമെന്ന്​ കോൺഗ്രസ്​ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വരും തെരഞ്ഞെടുപ്പുകളിലും ഒരുമിച്ചു നിൽക്കുകയും മോദിക്ക്​ എതിരെയുള്ള രാഷ്​ട്രീയ വേദിയായി ‘ഇൻഡ്യ’ സഖ്യം നിലകൊള്ളുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - INDIA crosses 200; New hope unfolded for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.