ന്യൂഡൽഹി: ബ്രിട്ടനിൽ ജനിതകമാറ്റം സ്ഥിരീകരിച്ച കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ യു.കെയിൽനിന്നുള്ള വിമാനങ്ങൾക്കുണ്ടായിരുന്ന വിലക്ക് ഇന്ത്യ നീട്ടി. യു.കെയിൽനിന്ന് ഇന്ത്യയിലേക്കുള്ളതും തിരിച്ചും വിലക്ക് തുടരും. ഡിസംബർ 31 വരെയുണ്ടായിരുന്ന വിലക്ക് ജനുവരി ഏഴുവരെയാണ് നീട്ടിയത്. ജനുവരി ഏഴിന് ശേഷം കർശന നിയന്ത്രണങ്ങളോടെ വിമാന സർവിസ് പുനരാരംഭിക്കുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തു.
ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ഡിസംബർ 31 വരെ വിമാനവിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ബ്രിട്ടനിലെ അതിവ്യാപന വൈറസ് ബാധ ഇന്ത്യയിൽ 20 പേർക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച ആറുപേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 14 പേർക്ക് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു.
ഒരു മാസത്തിനിടെ യു.കെയിൽ നിന്ന് 33,000 പേരാണ് ഇന്ത്യയിലെത്തിയത്. ഇവരെല്ലാവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ അതിവേഗം പടരുന്നുണ്ട്. ഡെൻമാർക്ക്, നെതർലൻഡ്സ്, ആസ്ട്രേലിയ, ഇറ്റലി, സ്വീഡൻ, ഫ്രാൻസ്, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, ജപ്പാൻ, െലബനൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലും പുതിയ കൊറോണ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.