ന്യൂഡൽഹി: ലോകരാജ്യങ്ങളിലെ പ്രവാസികളുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ. ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച വേൾഡ് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം 2020ൽ 1.79 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറി ജീവിതം നയിക്കുന്നത്. മെക്സിക്കോ (1.12 കോടി), റഷ്യ (1.08 കോടി) എന്നീ രാജ്യങ്ങളാണ് പ്രവാസികളുടെ എണ്ണത്തിൽ രണ്ടും മൂന്നും സ്ഥാനത്ത്.
20 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റം വൻ തോതിൽ വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2000ൽ ലോകത്ത് വിദേശികളുടെ എണ്ണത്തിൽ റഷ്യക്കും മെക്സിക്കോയ്ക്കും പിന്നിൽ മൂന്നാമതായിരുന്നു ഇന്ത്യ. അന്ന് 79 ലക്ഷം ഇന്ത്യക്കാരായിരുന്നു വിദേശരാജ്യങ്ങളിൽ പ്രവാസജീവിതം നയിക്കുന്നുണ്ടായിരുന്നത്. 20 വർഷത്തിനിടെ പ്രവാസികളായത് ഒരു കോടി ഇന്ത്യക്കാരാണ്.
ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണത്തിൽ ഗൾഫ് രാജ്യങ്ങളാണ് മുന്നിൽ. ഇവയിൽ തന്നെ യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത്. 2020ലെ കണക്ക് പ്രകാരം 34,71,300 ഇന്ത്യൻ പ്രവാസികളാണ് യു.എ.ഇയിൽ മാത്രമുള്ളത്. രണ്ടാമത് യു.എസും മൂന്നാമത് സൗദി അറേബ്യയുമാണ്. യു.എസിൽ 27,23,764 ഇന്ത്യൻ പ്രവാസികളുള്ളപ്പോൾ സൗദിയിൽ 25,02,337 പേരാണുള്ളത്.
2020ൽ ലോകത്താകമാനം പ്രവാസ ജീവിതം നയിക്കുന്നത് 28.1 കോടി പേരാണെന്നാണ് യു.എൻ കണക്ക്. ലോകജനസംഖ്യയുടെ 3.6 ശതമാനം വരും സ്വന്തം രാജ്യം വിട്ട് ജീവിക്കുന്നവരുടെ എണ്ണം. 2000ൽ ഇത് 22.1 കോടിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.