ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താർ അബ്ബാസ് നഖ്വി. ഇന്ത്യ ഒരു സ്വർഗമാണ്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പാകിസ്താൻ നരകമാണെന്നും നഖ്വി പറഞ്ഞു. അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾ നിർബന്ധിത മതപരിവർത്തനം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നതെന്നും നഖ്വി പറഞ്ഞു. അന്താരാഷ്ട്ര ന്യൂനപക്ഷ അവകാശ ദിനാചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നഖ്വി.
രാജ്യത്ത് വിദ്വേഷപരവും വിഷലിപ്തവുമായ അന്തരീഷമുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം വളരെ അപകടകരമായ മാനസികാവസ്ഥയിലേക്ക് സാമൂഹിക സാഹചര്യത്തെ മാറ്റാൻ ചിലർ ശ്രമിച്ചു. സാമൂഹിക തലത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനും ശ്രമം നടന്നു. ഇന്ത്യയിൽ മുസ്ലിംകൾക്ക് ജീവിക്കാൻ കഴിയിെല്ലന്ന് പ്രചരിപ്പിക്കുന്നു. എന്നാൽ അത് തെറ്റാണ്. നിലവിലുള്ള വിഷലിപ്തമായ സാഹചര്യം വ്യാജവും കെട്ടിച്ചമച്ചുണ്ടാക്കിയതുമാണ്- നഖ്വി കൂട്ടിച്ചേർത്തു.
വർഷങ്ങളായി ഇന്ത്യയിൽ കഴിഞ്ഞുവരുന്ന മുസ്ലിംകള പൗരത്വ ഭേദഗതി നിയമം ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കും. നിയമത്തെ കുറിച്ച് ബോധവത്കരണം നടത്തുക എന്നത് സർക്കാറിെൻറ ഉത്തരവാദിത്വമാണ്. കൂടാതെ രാജ്യത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനക്കെതിരെ പോരാടുമെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെയുള്ള പൊലീസ് നടപടി അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം നഖ്വി അറിയിച്ചിരുന്നു. വിദ്യാർഥികൾ അരാജകവാദികളാണെന്ന് പറയുന്നില്ല. എന്നാൽ അവർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വിവരങ്ങൾ തെറ്റായി മനസിലാക്കി പ്രതിഷേധിക്കുന്ന രീതി ശരിയല്ല എന്നായിരുന്നു നഖ്വിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.