ന്യൂഡൽഹി: എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസിയുടെ വീടിന് മുന്നിൽ ഇസ്രായേലിനൊപ്പം നിൽക്കുമെന്ന പോസ്റ്റർ പതിച്ച് അഞ്ചംഗ സംഘം. തന്റെ വീടിന് നേരെ ആക്രമണമുണ്ടായ വിവരം ഉവൈസി തന്നെയാണ് അറിയിച്ചത്. ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്തതതിന് പിന്നാലെ ഉവൈസി ഫലസ്തീന് ജയ് വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്.
34 അശോക റോഡിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വസതിക്ക് മുന്നിലുണ്ടായിരുന്ന മെയിൻ ഗേറ്റിലെ നെയിംബോർഡിൽ കറുത്ത മഷി ഒഴിക്കുകയും ഇസ്രായേലിനെ പിന്തുണക്കുന്ന പോസ്റ്റർ പതിക്കുകയും ചെയ്തിട്ടുണ്ട്. വീടിന് നേരെ കല്ലേറുമുണ്ടായി. ഇതിന് ശേഷം ജയ് ശ്രീറാം വിളിച്ചാണ് സംഘം മടങ്ങിയത്.
140 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് തങ്ങൾ ഉവൈസിയുടെ വീടിന് മുന്നിൽ ഇസ്രായേൽ അനുകൂല പോസ്റ്റർ പതിച്ചത്. ഭാരത് മാത കീ ജയ് വിളിക്കാത്ത എം.പിമാർക്കെതിരെയും എം.എൽ.എമാർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും അക്രമികളിലൊരാൾ പറഞ്ഞു. അജ്ഞാതരായ ആളുകളെത്തി തന്റെ വീട് നശിപ്പിച്ചുവെന്ന് ഉവൈസി അറിയിച്ചു. ഇത് എത്രാമത്തെ തവണയാണ് വീടിന് നേരെ ആക്രമണമുണ്ടാവുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ ഇതേക്കുറിച്ച് പരാതി നൽകാനായി പോയപ്പോൾ നിസ്സഹായരാണെന്ന മറുപടിയാണ് ഡൽഹി പൊലീസ് നൽകിയത്. അമിത് ഷായുടെ കൺമുന്നിലാണ് ഇത്തരം സംഭവം നടക്കുന്നത്. എം.പിമാർക്ക് സുരക്ഷ നൽകാൻ സാധിക്കുമോ ഇല്ലയോയെന്നത് സ്പീക്കർ ഓം ബിർള വ്യക്തമാക്കണമെന്നും ഉവൈസി പറഞ്ഞു. സവർക്കറിന്റെ രീതിയിലുള്ള ഭീരുത്വ പ്രവർത്തിയാണിത്. ഇതുകൊണ്ടൊന്നും തന്നെ ഭയപ്പെടുത്താൻ കഴിയില്ലെന്നും ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.