വിവിധ രാജ്യങ്ങളിൽ അധികാര പദവിയിലും ഉന്നത സ്ഥാനങ്ങളിലുമെത്തുന്ന ഇന്ത്യൻ വംശജരുടെ എണ്ണം വർധിക്കുന്നു. സിംഗപ്പൂരിന്റെ ഒമ്പതാമത് പ്രസിഡന്റായി തർമൻ ഷൺമുഖരത്നം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തതോടെ ഇന്ത്യക്കാർക്ക് അഭിമാനിക്കാൻ ഒരു കാരണം കൂടിയായി. സെപ്റ്റംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 70.4 ശതമാനം വോട്ടുനേടി ആധികാരികമായാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
2020 മുതൽ സിംഗപ്പൂരിൽ പ്രതിപക്ഷ നേതാവായ പ്രീതം സിങ് ഇന്ത്യൻ വംശജയായ അഭിഭാഷകയും എഴുത്തുകാരിയുമാണ്. യു.എസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഇന്ത്യൻ വംശജർ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നു. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്ത്യൻ -ജമൈക്കൻ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ നവംബറിൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ രാജ കൃഷ്ണമൂർത്തി, രോഹിത് ഖന്ന, പ്രമീള ജയപാൽ, അമി ബെര, ശ്രീ തനേദർ എന്നിവർ ഭരണകക്ഷിയായ ഡെമോക്രാറ്റ് പാർട്ടിയുടെ ബാനറിൽ യു.എസ് പ്രതിനിധി സഭാംഗങ്ങളായി. ഇന്ത്യൻ വംശജരായ നിക്കി ഹാലെ, വിവേക് രാമസ്വാമി എന്നിവർ 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രചാരണം തുടങ്ങി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഭാരതീയ പാരമ്പര്യത്തിൽ അഭിമാനിക്കുന്നുവെന്ന് തുറന്നു പറയുന്നയാളാണ്.
അദ്ദേഹത്തിന്റെ പത്നി അക്ഷത ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളാണ്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് സുനക്. അദ്ദേഹത്തിന്റെ ഹോം സെക്രട്ടറി സുവെല്ല ബ്രാവെർമാൻ ഗോവൻ വംശജയാണ്. സുനക് മന്ത്രിസഭാംഗമായ ക്ലെയർ കുട്ടീഞ്ഞോയുടെ വേരുകൾ ഗോവയിലാണ്. സുനകിന്റെ മുൻഗാമി ബോറിസ് ജോൺസന്റെ മന്ത്രിസഭയിൽ പ്രീതി പട്ടേൽ ഹോം സെക്രട്ടറിയായും അലോക് ശർമ ഇന്റർനാഷനൽ ഡെവലപ്മെന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അയർലൻഡ് പ്രധാനമന്ത്രി ലിയോ എറിക് വരദ്കറുടെ പിതാവ് അശോക് വരദ്കർ 1960കളിലാണ് മുംബൈയിൽനിന്ന് അയർലൻഡിലേക്ക് കുടിയേറിയത്. 2015 മുതൽ പോർചുഗൽ പ്രധാനമന്ത്രിയായ അന്റോണിയോ കോസ്റ്റ പാതി ഇന്ത്യക്കാരനാണ്. കാനഡയിലെ ഫെഡറൽ മിനിസ്റ്റർ പദവിയിലെത്തിയ അനിത ആനന്ദ് പിതാവ് തമിഴ്നാട്ടിലും മാതാവ് പഞ്ചാബിലുമാണ് ജനിച്ചുവളർന്നത്. കനേഡിയൻ മന്ത്രിസഭയിൽ ഹർജിത് സജ്ജൻ, കമൽ ഖേര എന്നീ ഇന്ത്യൻ വംശജരുമുണ്ട്. ന്യൂസിലൻഡ് മന്ത്രിസഭാംഗമായ പ്രിയങ്ക രാധാകൃഷ്ണൻ മലയാളി ദമ്പതികൾക്ക് ചെന്നൈയിൽ ജനിച്ചതാണ്. ട്രിനിഡാഡ്-ടുബേഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കൻഗാലൂ ഇന്തോ -ട്രിനിഡാഡിയൻ ദമ്പതികളുടെ മകളാണ്. ആസ്ട്രേലിയൻ പാർലമെന്റ് അംഗമാവുന്ന ആദ്യ ഇന്ത്യൻ വംശജനാണ് ദേവാനന്ദ് ശർമ. ഗയാന പ്രസിഡന്റ് ഇർഫാൻ അലി, സുരിനാം പ്രധാനമന്ത്രി ചന്ദ്രിക പ്രസാദ് സന്തോഖി, 2017 മുതൽ മൊറീഷ്യസ് പ്രധാനമന്ത്രിയായ പ്രവിന്ദ് ജുഗ്നാഥ്, സെയ്ചെല്ലിസ് പ്രസിഡന്റ് വേവൽ രാംകലവൻ തുടങ്ങിയവരുടെയും വേരുകൾ ഇന്ത്യയിലുണ്ട്.
15 രാജ്യങ്ങളിലായി 200ലേറെ ഇന്ത്യൻ വംശജർ ഉന്നത പദവികൾ അലങ്കരിക്കുന്നു. ഇതിൽ 60 പേർ മന്ത്രിസഭാംഗങ്ങളാണ്. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും തന്നെയാണ് ഇന്ത്യൻ വംശജർ വിവിധ രാജ്യങ്ങളുടെ സമുന്നത നേതൃപദവി ഉൾപ്പെടെ സ്ഥാനങ്ങളിലെത്തിയത്. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചൈ ഉൾപ്പെടെ മറ്റു വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്ന ഇന്ത്യൻ വംശജരും നിരവധി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.