ഡോ. ​എ​സ്. ജ​യ്ശ​ങ്ക​ർ

നിജ്ജാർ വധം: കൃത്യമായ തെളിവ് തന്നാൽ അന്വേഷണവുമായി സഹകരിക്കും -എസ്. ജയ്ശങ്കർ

ന്യൂഡൽഹി: ഖാലിസ്താൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റു മരിച്ച സംഭവത്തിൽ കനേഡിയൻ അധികൃതർ കൃത്യമായ തെളിവ് നൽകിയാൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇക്കാര്യം കാനഡ ഭരണകൂടത്തെ അറിയിച്ചതായും ഡൽഹിയിൽ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് യോഗത്തിൽ ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർ കെന്നത്ത് ജസ്റ്ററുമായുള്ള സംഭാഷണത്തിൽ അദ്ദേഹം വിശദീകരിച്ചു. നിജ്ജാർ വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതാദ്യമായാണ് വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

ഏതാനും വർഷങ്ങളായി കാനഡയിൽ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടിത കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ട്. അവിടുത്തെ സ്ഥിതിഗതികൾ ഏറെ സങ്കീർണമാണ്. കാനഡക്ക് പുറത്തുനിന്ന് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നവരെക്കുറിച്ച വിവരങ്ങൾ ഇന്ത്യ അവർക്ക് കൈമാറിവരുന്നുണ്ട്. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ കാനഡയിൽ നിരന്തരം ഭീഷണി നേരിടുന്നു. നയതന്ത്ര കാര്യാലയങ്ങൾ ആക്രമിക്കപ്പെടുന്നു. എന്നാൽ, ഇതിനെല്ലാം ന്യായീകരണം ചമയ്ക്കപ്പെടുന്നുണ്ടെന്ന് ജയ്ശങ്കർ കുറ്റപ്പെടുത്തി.

നിജ്ജാർ വധത്തിൽ കൃത്യമായ വിവരം തന്നാൽ അന്വേഷണവുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് കാനഡയെന്നല്ല, ഏത് രാജ്യവും ഏത് വിഷയത്തിലും തെളിവ് തന്നാൽ ​അന്വേഷണത്തിന് ഒരുക്കമാണെന്ന് ജയ്ശങ്കർ പ്രതികരിച്ചു. കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച് ഫൈവ് ഐസ് ഇന്റലിജൻസ് നെറ്റ്‍വർക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കാനഡക്ക് കൈമാറിയതായി കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ താൻ അതിന്റെ ഭാഗമല്ലെന്നായിരുന്നു വിദേശകാര്യ മന്ത്രിയുടെ മറുപടി.

Tags:    
News Summary - India open to cooperating with Canada in Nijjar killing: Jaishankar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.