ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര നടത്തിയ ജമ്മു കശ്മീർ സന്ദർശനത്തെക്കുറിച്ചുള്ള പാകിസ്താന്‍റെ വിമർശനത്തിന് രൂക്ഷ പ്രതികരണവുമായി ഇന്ത്യ. രാജ്യത്തിന്‍റെ കേന്ദ്ര ഭരണപ്രദേശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതികരിക്കാൻ പാകിസ്താന് അധികാരമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
പതിവ് വാർത്താ സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വിഷയത്തിൽ പ്രതികരിച്ചത്. പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണവും കേന്ദ്രഭരണപ്രദേശത്ത് സംഭവിച്ച മാറ്റങ്ങളും ഇത്തരത്തിലുള്ള ഏത് ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ ഉത്തരമാണെന്നും അദ്ദേഹം പറഞ്ഞു.
മോദിയുടെ കശ്മീർ സന്ദർശനം നാടകമാണെന്ന പാക് പ്രധാനമന്ത്രിയുടെ വിമർശനത്തെ അദ്ദേഹം വിമർശിച്ചു. നാടകമാണെന്ന ആ വാക്ക് എനിക്ക് മനസ്സിലാകുന്നില്ല. 'ഇത് കേട്ടാൽ തോന്നും സന്ദർശനം നടന്നിട്ടില്ലെന്നും അങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങൾ വരുത്തിത്തീർക്കുകയാണെന്നും' -അരിന്ദം ബാഗ്ചി പറഞ്ഞു.
ദേശീയ പഞ്ചായത്തീരാജ് ദിനത്തോടനുബന്ധിച്ച് സാന്ത ജില്ലയിലെ പാലി ഗ്രാമത്തിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമായിരുന്നു ഇത്. കശ്മീരിൽ ടൂറിസം വീണ്ടും വളർന്നുവെന്നും കേന്ദ്ര സർക്കാറിന്‍റെ എല്ലാ പദ്ധതികളും കശ്മീർ താഴ്വരയിലും നടപ്പാക്കിയെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.