രാജ്യസുരക്ഷ ഉറപ്പുവരുത്താൻ അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേൽക്കുന്ന ചടങ്ങിൽ പാകിസ്താൻ പ്രധാനമന്ത്രിയെ ക്ഷണിച്ചത് വലിയ പ്രതീക്ഷ നൽകിയിരുന്നു. സമാനമായിരുന്നു ഇംറാൻ ഖാൻ പ്രധാനമന്ത്രി പദവി ഏറ്റെടുത്തു നടത്തിയ പ്രഭാഷണവും. ‘ഇന്ത്യ ഒരു ചാൺ അടുത്താൽ പാകിസ്താൻ രണ്ടു ചാൺ’ എന്ന പ്രസ്താവന ആത്മാർഥമാവട്ടേയെന്നു രാജ്യസ്നേഹികൾ കൊതിച്ചു. രാജ്യസുരക്ഷയും അയൽബന്ധങ്ങളും ഇഴചേർന്നു നിൽക്കുന്ന യാഥാർഥ്യങ്ങളാണെന്ന് ഇരുനേതൃത്വവും അംഗീകരിക്കുന്നത് ആശ്വാസം നൽകി. എന്നാൽ, ഒന്നും സംഭവിച്ചില്ല. ഇപ്പോഴും അതിർത്തിയിൽ പാകിസ്താെൻറ സൈനിക സാന്നിധ്യം നമ്മെ അലോസരപ്പെടുത്തുന്നു.
ദക്ഷിണേഷ്യയിലെ വളർന്നുവരുന്ന രാഷ്ട്രങ്ങൾക്കിടയിൽ സൗഹൃദം കൈവരുന്നത് വൻശക്തികളൊന്നും ആഗ്രഹിക്കുന്ന കാര്യമല്ല.
അവരുടെ ആയുധപ്പന്തയത്തിനു ശക്തി പകരുന്നത് നാമാണല്ലോ. ആയുധങ്ങൾക്കു വേണ്ടി നാം ചെലവഴിക്കുന്ന സംഖ്യ രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചാൽ നാളെ അവരോടൊപ്പം നമുക്കും തോൾ ചേർന്നുനിൽക്കാൻ സാധിക്കും. ഇതവരുടെ പ്രമാണിത്ത പദവി നഷ്ടമാക്കുന്നതാണ്. നിർഭാഗ്യവശാൽ അതംഗീകരിച്ചു കൊടുക്കുന്നതിലാണ് മിക്ക ഭരണകൂടങ്ങളും സായൂജ്യം കണ്ടെത്തുന്നത്. ആയുധ ഇടപാടുകൾ വിൽക്കുന്നവർക്കു മാത്രമല്ല വാങ്ങുന്നവർക്കും ഏറെ ആകർഷകമാണെന്നാണല്ലോ തെളിഞ്ഞുവരുന്നത്. ഇന്ത്യയുടെ 2017-18ലെ പ്രതിരോധ ബജറ്റ് ഏതാണ്ട് രണ്ടേമുക്കാൽ ലക്ഷം കോടി രൂപയാണത്രെ. ഇതൊരു ഭീമമായ തുകയാണ്. നമ്മുടെ ജനങ്ങളിൽ 22 ശതമാനവും ദാരിദ്ര്യരേഖക്കു താഴെയായിരിക്കെ ആയുധങ്ങൾ വാങ്ങാനായി വൻ തുകകൾ മാറ്റിവെക്കുന്നത് ഒരുനിലക്കും അഭിലഷണീയമല്ല. പാകിസ്താനുമായും ചൈനയുമായും സൗഹൃദം മെച്ചപ്പെടുത്താൻ സാധിച്ചാൽ നമുക്ക് പ്രതിരോധ ബജറ്റ് 33 ശതമാനം കുറവ് വരുത്താൻ സാധിക്കുമെന്നാണറിയുന്നത്.
യുദ്ധങ്ങളിൽ ആരും വിജയിക്കുന്നില്ല. ഭാഗഭാക്കാകുന്നവരെല്ലാം അതിെൻറ തിക്തഫലങ്ങൾ പങ്കിടുന്നുവെന്നതാണ് സത്യം. പാകിസ്താനും ചൈനയുമായുള്ള നമ്മുടെ അതിർത്തികൾ ഭദ്രമാണെങ്കിൽ നമ്മുടെ ഭരണകൂടത്തിന് തലവേദന ശമിക്കുന്നതും ഇരുഭാഗത്തെയും ജനങ്ങൾക്ക് ആശ്വാസം ലഭിക്കുന്നതുമാണ്. ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ കീറാമുട്ടിയായി തുടരുന്ന പ്രശ്നം കശ്മീരിേൻറതാണ്. ഇപ്പോഴും ഇന്ത്യയുടെ ഭാഗമായ കശ്മീരിെൻറ ഒരുഭാഗം പാകിസ്താെൻറ അധീനതയിലാണെന്നതു പരസ്പരബന്ധം വഷളാക്കുന്നു. ഇതു മാറ്റിവെച്ചുകൊണ്ടുതന്നെ സൗഹൃദം മെച്ചപ്പെടുത്താൻ പല ശ്രമങ്ങളും നടത്തുകയുണ്ടായി. 2004 മുതൽ 2008 വരെയുള്ള കാലയളവിൽ നാലുതവണ ഇരു രാഷ്ട്രങ്ങളുടെയും പ്രതിനിധികൾ ഒട്ടുമിക്ക കാര്യങ്ങളും ചർച്ച ചെയ്തു പല നിർദേശങ്ങളും മുന്നോട്ടുവെച്ചതായി ഒാർക്കുന്നു. എന്നാൽ, അഞ്ചാമത്തെ ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് 2008 നവംബറിൽ മുംബൈ ഭീകരാക്രമണം നടന്നത്. ഇതോടെ രംഗം കൂടുതൽ വഷളായി. കശ്മീരിൽ ഭീകര പ്രവർത്തകരിലൂടെ ഒരു തരം പ്രോക്സി യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, ഖേദകരമായ വസ്തുത നമുക്ക് കശ്മീരികളെ സ്വാധീനിച്ചു സ്വന്തമാക്കാൻ സാധിക്കുന്നില്ലെന്നതാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അവർ പാകിസ്താന് അനുകൂലമായി നിലകൊള്ളരുതെന്നും സ്വയം തീരുമാനിച്ചാൽ മാത്രമേ അവിടെ സമാധാനം പുലരുകയുള്ളൂ. ചൈനയുമായി നമുക്ക് അതിർത്തിത്തർക്കമുണ്ട്.
തൽക്കാലത്തേക്ക് അത് മാറ്റിവെച്ചുകൊണ്ട് തന്നെ, ചൈനയുമായി സംവദിക്കാൻ സാധ്യമാകുന്നത് നമ്മുടെ രാജ്യതന്ത്രജ്ഞത തന്നെയാണ്. എന്നാൽ പാകിസ്താൻ, അവരുടെ ഭാവി ഭാഗധേയങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടായിരിക്കണം ഒരുമുഴം മുമ്പേ എറിയാനോങ്ങുന്നത്. ഇതു കുറിക്കുമ്പോൾ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഷാങ്ഹായ് എക്സ്പോയിൽ പങ്കാളിത്തം വഹിക്കുകയാണ്. ഷി ജിൻപിങ്ങിെൻറ നേതൃത്വത്തിൽ ലോകത്തിനു മാതൃകയുണ്ടെന്നാണ് ഇംറാൻ ഖാൻ പ്രസ്താവിച്ചത്. എന്നാൽ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി പ്രവർത്തനം തുടങ്ങിയപ്പോൾ അതിനെ നഖശിഖാന്തം എതിർത്തിരുന്നത് ഇംറാൻ ഖാെൻറ തഹ്രീകെ ഇൻസാഫ് പാർട്ടിയായിരുന്നു.ഇസ്ലാമാബാദ് ജില്ലയിലെ അവരുടെ കുത്തിയിരിപ്പ് സമരം കാരണം ചൈനീസ് പ്രസിഡൻറ് തെൻറ സന്ദർശനം ഒരുവർഷം നീട്ടി വെക്കാൻ നിർബന്ധിതനായി. ഇപ്പോഴാണ് ഇംറാൻ ഖാൻ സി.പി.ഇ.സി പദ്ധതിയുടെ ഗുണം മനസ്സിലാക്കുന്നത്. അതിലൂടെ പാകിസ്താനിൽ ഏഴുലക്ഷം പേർക്ക് തൊഴിൽ നേടാൻ കഴിയുമത്രെ. പിണക്കമല്ല, ഇണക്കമാണ് പുരോഗതിയിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹത്തിനു ബോധ്യപ്പെട്ടിരിക്കുന്നു.
1999 ഫെബ്രുവരി 21ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയും പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ശരീഫും ലാഹോറിൽ ഒപ്പുവെച്ച ഉടമ്പടി ഇരുരാഷ്ട്രങ്ങളും സഹർഷം കൊണ്ടാടുകയുണ്ടായി. അതിനുമുമ്പ്, ഇന്ദിര ഗാന്ധിയും സുൽഫിക്കർ അലി ഭുട്ടോയും തമ്മിൽ 1972ൽ ഒപ്പുവെച്ച ‘സിംല കരാറും’ ഏറെ ശ്രദ്ധേയമായിരുന്നു. ഉഭയകക്ഷിബന്ധങ്ങൾ ഊഷ്മളമായപ്പോൾ അത് വാണിജ്യ ബന്ധങ്ങൾക്കും ശക്തിപകർന്നു. 2004നും 2007നുമിടയിൽ ഇന്ത്യ-പാകിസ്താൻ വ്യാപാരം 550 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ, മുംബൈ ആക്രമണത്തോടെ എല്ലാ പ്രതീക്ഷകളും തകർന്നു.
ഇന്ത്യയും പാകിസ്താനും ശത്രുക്കളായി കഴിയണമെന്ന് ആഗ്രഹിക്കുന്നവർ സൈനിക ഭരണകൂടങ്ങളും ആയുധങ്ങൾ വിൽക്കുന്നവരുമാണ്. പാകിസ്താെൻറ ഭരണകർത്താക്കളിൽ പലരും സൈന്യാധിപന്മാരും സൈനിക പശ്ചാത്തലമുള്ളവരുമായിരുന്നല്ലോ. എന്നാൽ, ലോകത്തിനു മാതൃകയാവേണ്ട ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇവിടെ ശത്രുതയും യുദ്ധവും ആഗ്രഹിക്കുന്നവർ സങ്കുചിത ദേശീയവാദികളായ ഫാഷിസ്റ്റുകളും അവരിലൂടെ നേട്ടങ്ങൾ കൊയ്യാൻ അവസരം പാത്തുകഴിയുന്ന തീവ്രവാദികളും ആയുധ വിൽപനക്കാരും മാത്രമാണ്. ആഗോളീകരണത്തോടെ ലോകംതന്നെ ഒരു ഗ്രാമമെന്നു സങ്കൽപിക്കുമ്പോൾ നാം അയൽപക്ക ബന്ധങ്ങളിൽ സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകേണ്ടവരാണ്.പിണങ്ങിക്കഴിഞ്ഞിരുന്ന രാഷ്ട്രങ്ങൾ അധികവും ശത്രുത കൈവെടിഞ്ഞു ശക്തി സംഭരിച്ചുകൊണ്ടിരിക്കുകയാണ്. ജർമനികൾ ഒന്നായി. അമ്പതുകളുടെ ആദ്യത്തിൽ യുദ്ധം ചെയ്തു വേർപിരിഞ്ഞ കൊറിയകൾ മിത്രങ്ങളായിരിക്കുന്നു. ഇന്ത്യയും പാകിസ്താനും ശത്രുത കൈവെടിഞ്ഞു സൗഹൃദം കരുപ്പിടിപ്പിക്കാൻ സന്നദ്ധമായാൽ ഇരുരാജ്യങ്ങളും അഭിവൃദ്ധിപ്പെടാനും ജനജീവിതം സമാധാനപൂർണമാകാനും ഇതു കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.