ന്യൂഡൽഹി: കോവിഡ് 19 മഹാമാരിയെ തുരത്താൻ പെടാപ്പാട് പെടുന്നതിനിടെ രാജ്യത്തെ വലച്ച വില്ലൻമാരായിരുന്നു വെട്ടുകിളികൾ. ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് പഞ്ചാബിലെയും രാജസ്ഥാനിലെയും മധ്യ പ്രദേശിലെയും കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ച് വെട്ടുകിളികൾ വാർത്തകളിൽ നിറഞ്ഞുനിന്നു. 27 വർഷത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വെട്ടുകിളിയാക്രമണമായിരുന്നു ഇൗ കോവിഡ് കാലത്തേത്. മഴക്കാലത്തിന് മുമ്പ് വെട്ടുകിളികളുടെ അഴിഞ്ഞാട്ടം നിയന്ത്രിച്ചില്ലെങ്കിൽ 8000 കോടിയോളം രൂപയുടെ വിളകൾ അവറ്റകൾ നശിപ്പിച്ചേക്കാമെന്ന പ്രവചനം വരെയുണ്ടായി.
ഇൗ മഹാദുരന്തം മുന്നിൽ കണ്ട് ഇന്ത്യൻ സർക്കാർ കാർഷിക മന്ത്രാലയത്തിന് വെട്ടുകിളികളെ തുരത്താനായി ഡ്രോണുകൾ പറത്താനുള്ള അനുമതി നൽകിയിരിക്കുകയാണ്. വ്യോമയാന മന്ത്രാലയമാണ് നിലവിലെ സാഹചര്യത്തിെൻറ തീവ്രത കണക്കിലെടുത്ത് ഡ്രോൺ ഉപയോഗത്തിന് സമ്മതം മൂളിയത്. വെട്ടുകിളി വിരുദ്ധ നടപടികളുടെ (anti-locust measures) ഭാഗമായി ഡ്രോണുകൾ പറത്തിക്കൊണ്ട് കീടനാശിനികൾ തളിക്കാനും മറ്റ് സർവേകൾ നടത്താനുമാണ് അനുമതി.
കോവിഡ് കാലത്ത് ലോക്ഡൗൺ ലംഘിക്കുന്നവരെയും ചാരായം വാറ്റുന്നവരെയും പിടിക്കാൻ പൊലീസ് പരീക്ഷിച്ച് വിജയിച്ച ഡ്രോൺ പറത്തൽ വെട്ടുകിളികളെ തുരത്താനും പ്രയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര കാർഷിക മന്ത്രാലയം. കിലോമീറ്ററുകളോളം പറത്താൻ കഴിയുന്ന വലിയ ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തെ കർഷകരുടെ പുതിയ ശത്രുവിനെ തുരത്താനുള്ള കോപ്പുകൂട്ടുകയാണ് കാർഷിക മന്ത്രാലയം. അതേസമയം യുനീക് െഎഡൻറിഫിക്കേഷൻ നമ്പറും ഡ്രോൺ അക്നോളജ്മെൻറ് നമ്പറുമില്ലാത്ത (DAN) ഡ്രോണുകൾ പറത്തുന്നതിന് വിലക്കുണ്ട്. നിലവിൽ രാജ്യത്ത് 20000 ഡ്രോണുകൾക്കാണ് DAN ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.