ന്യൂഡൽഹി: ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ ബഹുദൂരം പിന്നിൽ. ജനീവയിൽ പുറത്തിറക്കിയ ലോക ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യു.ഇ.എഫ്) വാർഷിക ലിംഗവ്യത്യാസ റിപ്പോർട്ട് 2022 പ്രകാരം 135ാമതാണ് ഇന്ത്യയുടെ സ്ഥാനം. 146 രാജ്യങ്ങളുടെ സൂചികയിലാണ് ഈ ദയനീയ ചിത്രം. 11 രാജ്യങ്ങൾ മാത്രമാണ് ഇന്ത്യക്ക് പിന്നിലുള്ളത്. ലോകത്തിലെ ഏറ്റവും ലിംഗസമത്വമുള്ള രാജ്യം എന്ന സ്ഥാനം ഐസ്‌ലൻഡ് നിലനിർത്തി. ഫിൻലൻഡ്, നോർവേ, ന്യൂസിലൻഡ്, സ്വീഡൻ എന്നിവ തൊട്ടുപിന്നിൽ. അഫ്ഗാനിസ്താൻ, പാകിസ്താൻ, കോംഗോ, ഇറാൻ, ഛാദ് എന്നിവയാണ് ഏറ്റവും പിന്നിലുള്ള അഞ്ച് രാജ്യങ്ങൾ.
തൊഴിൽ സേനയിൽ ലിംഗവ്യത്യാസം വർധിക്കുന്നതോടെ ജീവിതച്ചെലവ് പ്രതിസന്ധി ആഗോളതലത്തിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലിംഗ വ്യത്യാസം നികത്താൻ മറ്റൊരു 132 വർഷമെടുക്കുമെന്നും ഡബ്ല്യു.ഇ.എഫ് മുന്നറിയിപ്പ് നൽകി.
ആരോഗ്യ, അതിജീവന ഉപസൂചികയിൽ 146ാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും താഴ്ന്ന റാങ്ക്. അഞ്ച് ശതമാനത്തിൽ കൂടുതൽ ലിംഗവ്യത്യാസമുള്ള അഞ്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിൽ ഇന്ത്യക്ക് തൊട്ടുമുന്നിലുള്ളത് ഖത്തർ, പാകിസ്താൻ, അസർബൈജാൻ, ചൈന എന്നിവയാണ്. അതേസമയം പ്രാഥമിക, തൃതീയ സ്കൂൾ പ്രവേശന മേഖലയിൽ ലിംഗസമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ദക്ഷിണേഷ്യയിൽ മൊത്തം സ്കോറിൽ ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മാലദ്വീപ്, ഭൂട്ടാൻ എന്നീ രാജ്യങ്ങൾക്കുപിന്നിൽ ഇന്ത്യ ആറാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.