ന്യൂഡൽഹി: പരമാധികാര, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനായി നേരിട്ടുള്ള സംഭാഷണങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ. ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിൽ വിമർശനമുയർന്ന സാഹചര്യത്തിൽ വിദേശകാര്യ മന്ത്രാലയമാണ് ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
‘‘ഇസ്രായേലിനുനേരെ ഹമാസ് നടത്തിയത് ഭീകരാക്രമണമായി ഇന്ത്യ കാണുന്നു. ഫലസ്തീന്റെ കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഇന്ത്യക്കുണ്ട്. ഇസ്രായേലിനോടു ചേർന്ന് സുരക്ഷിതവും അംഗീകൃതവുമായ അതിർത്തിക്കുള്ളിൽ സമാധാനപരമായ പരമാധികാര, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനായി നേരിട്ടുള്ള സംഭാഷണങ്ങൾ പുനരാരംഭിക്കണമെന്ന കാഴ്ചപ്പാടാണ് ഇന്ത്യക്ക്’’ -വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
ഹമാസ് നടത്തിയ ഭീകരാക്രമണത്തോടുള്ള പ്രതികരണം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഉണ്ടായതെന്നും ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ പരമ്പരാഗത നിലപാട് വ്യക്തമാക്കാതെ പോയത് പോരായ്മയാണെന്നും കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ സഹമന്ത്രിയുമായ ശശി തരൂർ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനെ മറന്ന് ഇസ്രായേൽ പക്ഷം പിടിച്ചത് നയവ്യതിയാനമാണെന്ന വിമർശനവും ഏറ്റുവാങ്ങുകയായിരുന്നു മോദിസർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.