ന്യൂഡൽഹി: ശനിയാഴ്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഒരു സൈനിക പോസ്റ്റ് തകർക്കുകയും മൂന്ന് പാക് സൈനികരെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ഒരാൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ആറിന് ആരംഭിച്ച ‘ഒാപറേഷൻ’ 45 മിനിറ്റ് നീണ്ടുനിന്നു. ആക്രമണത്തിൽ പെങ്കടുത്ത സൈനികർ സുരക്ഷിതരായി തിരിച്ചെത്തി. പൂഞ്ച് മേഖലയിലെ പാക് അധിനിവേശ കശ്മീരിൽ നിയന്ത്രണരേഖ കടന്ന് 300 മീറ്റർ ഉള്ളിലേക്ക് കടന്നായിരുന്നു ഇന്ത്യയുടെ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പാകിസ്താൻ രുഖ് ചക്രി എന്ന് വിളിക്കുന്ന മേഖലയിലായിരുന്നു കടന്നാക്രമണം. പാക് സൈന്യത്തിെൻറ ബലൂച്ച് റെജിമെൻറിലെ താൽക്കാലിക പോസ്റ്റാണ് തകർത്തത്.
ഇന്ത്യയുടെ ‘പ്രകോപനമില്ലാത്ത’ ആക്രമണത്തിൽ പ്രതിഷേധിക്കാൻ ഇസ്ലാമാബാദിലെ ആക്ടിങ് ഡെപ്യൂട്ടി ഹൈകമീഷണറെ പാകിസ്താൻ വിളിപ്പിച്ചു. നിയന്ത്രണരേഖ കടന്നായിരുന്നു ആക്രമണമെന്ന ഇന്ത്യയുടെ അവകാശവാദം പാക് വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നൽകിയെന്നും പാകിസ്താൻ അവകാശപ്പെട്ടു.ശനിയാഴ്ചയാണ് ജമ്മു-കശ്മീരിലെ കേരി മേഖലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെൽ ആക്രമണത്തിലും ഒരു മേജറും മൂന്ന് സൈനികരും കൊല്ലപ്പെട്ടത്. തിരിച്ചടിയുണ്ടാവുമെന്ന് അന്നുതന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
2016 സെപ്റ്റംബറിൽ പാക് പ്രകോപനങ്ങളെത്തുടർന്ന് ഇന്ത്യ നടത്തിയ ‘സർജിക്കൽ സ്ട്രൈക്കി’നെ അനുസ്മരിപ്പിക്കുന്ന ആക്രമണമാണ് തിങ്കളാഴ്ച ഇന്ത്യ നടത്തിയതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം നടത്തിയ മിന്നാലാക്രമണത്തിൽ നിരവധി ഭീകരരെ കൊല്ലുകയും ഭീകര താവളങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ജമ്മു-കശ്മീരിലെ ഉറിയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരെ പാക് സൈന്യം നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണമായിരുന്നു അന്നത്തെ നടപടി. എന്നാൽ, തിങ്കളാഴ്ച നടന്ന നടപടിയെ ഒരുനിലക്കും സർജിക്കൽ സ്ട്രൈക്കുമായി ഉപമിക്കാനാവില്ലെന്നും സൈന്യം നടത്തിയ ഒരു ചെറിയ നടപടി മാത്രമാണെന്നും ഉന്നത സൈനിക വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.