ജനീവ: ആണവായുധങ്ങൾ പൂർണമായും ഒഴിവാക്കി ആണവ നിർവ്യാപന കരാറിൽ (എൻ.പി.ടി) ഒപ്പിടാനില്ലെന്ന് ഇന്ത്യ. അതേസമയം, ആണവസ്േഫാടനപരീക്ഷണങ്ങൾ നടത്തില്ലെന്ന നിലപാടിൽ രാജ്യാന്തര സമൂഹത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും നിരായുധീകരണം സംബന്ധിച്ച യു.എൻ ആലോചനസമിതിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അമൻദീപ് സിങ് ഗിൽ യു.എൻ പൊതുസഭയിൽ വ്യക്തമാക്കി. എൻ.പി.ടിയെക്കുറിച്ച ഇന്ത്യൻ നിലപാട് എല്ലാവർക്കും അറിയാമെന്നും അത് ആവർത്തിക്കേണ്ടതില്ലെന്നും ആണവായുധങ്ങളുടെ ഉപയോഗം സംബന്ധിച്ച ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ ആണവനിർവ്യാപനത്തെ പിന്തുണക്കാനും ഒപ്പം നിൽക്കാനും നീക്കങ്ങളെ ശക്തിപ്പെടുത്താനും ഇന്ത്യ മുൻപന്തിയിലുണ്ടാകും. ആണവായുധങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളോടും അതേ നിലപാടുതന്നെയാണ് -ഗിൽ വ്യക്തമാക്കി. ആണവനിർവ്യാപനകരാറില്‍ അംഗമല്ലെങ്കിലും അതിെൻറ തത്ത്വങ്ങളോടും ലക്ഷ്യങ്ങളോടും ചേർന്നു നിൽക്കുന്ന നയമാണ് ഇന്ത്യയുടേത്. ഇന്ത്യക്കുനേരെ നിരന്തരം ഭീഷണി ഉന്നയിക്കുന്ന പാകിസ്താനെ ഗിൽ പരോക്ഷമായി വിമർശിച്ചു. ഇന്ത്യ അതിെൻറ നയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളും അങ്ങനെ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ആണവനിർവ്യാപനവും നിരായുധീകരണവും നടപ്പാക്കുന്നതിലുള്ള യഥാർഥ പോരായ്മകൾ എന്താണെന്ന് തിരിച്ചറിയാനാവും.
മിസൈൽ സാങ്കേതികത, ആണവായുധങ്ങൾ എന്നിവയുടെ നിർവ്യാപനം സംബന്ധിച്ച് ആശങ്കയുണ്ട്. ഇന്ത്യയുടെ സുരക്ഷയെ അതു ബാധിക്കുമെന്നാണ് കരുതുന്നത്. നിഗൂഢലക്ഷ്യത്തോടെ ആണവ നിർവ്യാപനം പറയുന്നവരെയും അതിൽനിന്ന് മുതലെടുക്കാൻ ശ്രമിക്കുന്നവരെയുംകുറിച്ച് ആഗോളസമൂഹം ജാഗ്രതപുലർത്തണം. ഉത്തരവാദപ്പെട്ട ആണവശക്തിയെന്ന നിലയിൽ, ആദ്യം അണുവായുധം പ്രയോഗിക്കുന്നതിൽനിന്നും ആണവായുധങ്ങളില്ലാത്ത രാജ്യങ്ങള്‍ക്കെതിരെ ആണവായുധപ്രയോഗം നടത്തുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന നിലപാടാണ് ഇന്ത്യ പിന്തുടരുന്നതെന്നും ഗിൽ വ്യക്തമാക്കി. കൊറിയൻ ഉപദ്വീപിൽ ആണവപരീക്ഷണങ്ങൾ പാടില്ലെന്നതിനു വിപരീതമായി ഉത്തര കൊറിയ ഇപ്പോൾ തുടരുന്ന നടപടികൾ ആശങ്കയുളവാക്കുന്നതാണ്. മേഖലയിലെ സമാധാനവും സുസ്ഥിരതയും തകർക്കുന്ന നീക്കങ്ങളിൽനിന്ന് ഉത്തര കൊറിയ പിന്മാറണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഗിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.