ന്യൂഡൽഹി: മണിപ്പൂർ കലാപം മുൻനിർത്തി കേന്ദ്രമന്ത്രിസഭക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നത് പരമാവധി വൈകിപ്പിച്ച് സർക്കാർ. മഴക്കാല പാർലമെന്റ് സമ്മേളനം 11ന് അവസാനിക്കാനിരിക്കെ 8, 9, 10 തീയതികളിലാണ് ചർച്ച നിശ്ചയിച്ചത്. 10നു മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ചക്ക് മറുപടി പറയുന്ന വിധത്തിലാണ് ക്രമീകരണം.
ഇതിൽ പ്രതിഷേധിച്ച് ലോക്സഭയുടെ കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷമുന്നണിയായ ഇൻഡ്യയുടെ പ്രതിനിധികൾ ഇറങ്ങിപ്പോക്ക് നടത്തി. മറ്റു കാര്യപരിപാടികൾ മാറ്റിവെച്ച് അവിശ്വാസപ്രമേയം ചർച്ചക്കെടുക്കുന്നതാണ് കീഴ്വഴക്കമെന്നിരിക്കെ, ഏറ്റവും ഒടുവിലത്തെ ദിവസങ്ങളിലേക്കു മാറ്റിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. മണിപ്പൂർ വിഷയം മുൻനിർത്തി പ്രതിപക്ഷം ബുധനാഴ്ച രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കാണും.
അവിശ്വാസപ്രമേയം ഏറ്റവും വേഗം ചർച്ചക്കെടുക്കണമെന്ന് പ്രതിപക്ഷമുന്നണിയിലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ഇടതു പാർട്ടികൾ തുടങ്ങിയവർക്കൊപ്പം അവിശ്വാസപ്രമേയ നോട്ടീസ് പ്രത്യേകമായി നൽകിയ ബി.ആർ.എസും ആവശ്യപ്പെട്ടു. എന്നാൽ, അവിശ്വാസപ്രമേയം ഉടനടി ചർച്ചക്കെടുക്കാൻ സർക്കാറിനെ നിർബന്ധിതമാക്കുന്ന ചട്ടമോ കീഴ്വഴക്കമോ ഇല്ലെന്ന് സർക്കാർ വാദിച്ചു.
അവിശ്വാസപ്രമേയം ഉടനടി ചർച്ചക്കെടുക്കാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചുവരുന്നതിനിടെയാണ് സമ്മേളനത്തിന്റെ അവസാന ദിവസങ്ങളിലേക്ക് ചർച്ച നിശ്ചയിച്ചത്.
മോദി സർക്കാറിന്റെ ഒന്നാമൂഴത്തിൽ ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസപ്രമേയം തൊട്ടടുത്ത ദിവസംതന്നെ ചർച്ചക്കെടുത്തിരുന്നു. ഇത്തവണ കോൺഗ്രസിലെ ഗൗരവ് ഗൊഗോയി നൽകിയ അവിശ്വാസപ്രമേയ നോട്ടീസ് ജൂലൈ 26ന് സ്പീക്കർ ഓം ബിർള അംഗീകരിച്ചതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ പ്രസ്താവന നടത്താനോ വിശദചർച്ചക്കോ അവിശ്വാസപ്രമേയം അടിയന്തരമായി പരിഗണിക്കാനോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ മുന്നണി ബുധനാഴ്ച രാവിലെ 11.30ന് രാഷ്ട്രപതിയെ കാണുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇൻഡ്യ മുന്നണിയുടെ 21 എം.പിമാർ ഉണ്ടാവും.
പ്രതിപക്ഷ പ്രതിഷേധം മൂലം തിങ്കളാഴ്ചയും പാർലമെന്റ് സ്തംഭിച്ചു. ബഹളം വകവെക്കാതെ ലോക്സഭയിൽ വിവാദ ഡൽഹി ഓർഡിനൻസ് ബിൽ അവതരിപ്പിച്ച സർക്കാർ, മറ്റു രണ്ടു പ്രധാന ബില്ലുകൾ പാസാക്കുകയും ചെയ്തു. ആഴക്കടൽ ധാതുഖനന വ്യാപന-നിയന്ത്രണ ബില്ലാണ് ഒന്ന്. സ്വകാര്യ മേഖലയെ ഖനനത്തിന് അനുവദിക്കുന്നതാണിത്. ജനന-മരണ രജിസ്ട്രേഷൻ നിയമഭേദഗതി ബില്ലാണ് മറ്റൊന്ന്.
ഭൂമിയുടെ രജിസ്ട്രേഷൻ അടക്കമുള്ളവക്ക് ജനന-മരണ രജിസ്റ്ററിലെ വിവരങ്ങൾ നിർണായകമാക്കുന്നതാണ് ഈ ബിൽ. രണ്ടു ബില്ലുകളും രാജ്യസഭകൂടി അംഗീകരിക്കുന്ന മുറക്ക് രാഷ്ട്രപതിയുടെ അനുമതിക്കും ഗസറ്റ് വിജ്ഞാപനത്തിനുമായി സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.