ഡൊമിനിക്കയിലെ മാധ്യമങ്ങൾ പുറത്തുവിട്ട മെഹുൽ ചോക്​സിയുടെ ചിത്രം. കൈയിൽ പരിക്കേറ്റതിന്‍റെ പാടും കാണാം

ചോക്​സിയെ വിട്ടുകിട്ടാനുള്ള രേഖകൾ ഇന്ത്യ ഡൊമിനിക്കയിലെത്തിച്ചു; ജയിലിലെ ചിത്രങ്ങളും പുറത്ത്​

ന്യൂഡൽഹി: ശതകോടികളുടെ വായ്​പ തട്ടിപ്പ്​ നടത്തി രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്​സിക്കെതിരെ കുരുക്ക്​ മുറുക്കി ഇന്ത്യ. ചോക്​സിയെ വിട്ടുകിട്ടുന്നതിനാവശ്യമായ രേഖകളുമായി ഇന്ത്യ അയച്ച വിമാനം ​കരീബിയൻ ദ്വീപായ ഡൊമിനിക്കയിലെത്തി. പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടിയുടെ വായ്​പ തട്ടിപ്പ്​ നടത്തിയ കേസിൽ നിന്ന്​ രക്ഷപ്പെടാനാണ്​ ചോക്​സി രാജ്യം വിട്ടത്​.

ഈ മാസം 28ന്​ ഉച്ചകഴിഞ്ഞ്​ 3.12ന്​ ഡൽഹിയിൽ നിന്ന്​ പറന്ന വിമാനം അന്നുതന്നെ മാഡ്രിഡ്​ വഴി ഡൊമിനിക്കയിലെ ഡഗ്ലസ്​-ചാൾസ്​ വിമാനത്താവളത്തിൽ എത്തിയതായി ഇന്ത്യ വിട്ട ശേഷം ചോക്​സി പൗരത്വമെടുത്ത ആൻറിഗ്വ-ബാർബുഡയിലെ പ്രധാനമന്ത്രി ഗസ്​റ്റൺ ​ബ്രൗൺ ആണ്​ അറിയിച്ചത്​. ഖത്തർ എക്സിക്യൂട്ടീവ് ബോംബാർഡിയർ ഗ്ലോബൽ 5000 (എ7-സിഇഇ) വിമാനം ഇന്ത്യയുടെ ദൗത്യവുമായി മഡ്രിഡിലെ ബരാജസ് വിമാനത്താവളം വഴി 20 മണിക്കൂർ യാത്ര ചെയ്ത് രാജ്യത്ത്​ എത്തിയതായി ഡൊമിനിക്കയിലെ പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട്​ ചെയ്​തു. എന്നാൽ, ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം, ബുധനാഴ്ച തുറന്ന കോടതിയിൽ വാദം കേൾക്കുന്നതുവരെ ചോക്‌സിയെ ഇന്ത്യക്ക്​ കൈമാറില്ലെന്ന് ഡൊമിനിക്ക ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൊമിനിക്ക ജയിലിൽ നിന്നുള്ള ചോക്​സിയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​. പൊലീസ്​ ദേശീയ മാധ്യങ്ങൾക്ക്​ കൈമാറിയ ചിത്രങ്ങളിൽ ചോക്​സിയുടെ കൈയിൽ മുറിവേറ്റ​തെന്നു തോന്നിക്കുന്ന പാടും കാണാം.


പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടിയുടെ വായ്​പ തട്ടിപ്പ്​ നടത്തിയാണ്​ മെഹുൽ ചോക്​സിയും മരുമകൻ നീരവ്​ മോദിയും ഇന്ത്യ വിട്ടത്​. നീരവ്​ ലണ്ടനിലേക്കും ചോക്​സി കരീബിയൻ ദ്വീപായ ആൻറിഗ്വയിലേക്കുമാണ്​ രക്ഷപ്പെട്ടത്​​. ലണ്ടനിലെ ജയിലാണ്​ നീരവ്​ ഉള്ളത്​. തന്നെ ഇന്ത്യക്ക്​ കൈമാറരുതെന്ന്​ അഭ്യർഥിച്ചുള്ള നീരവിന്‍റെ കേസ്​ ലണ്ടൻ കോടതിയുടെ പരിഗണനയിലാണ്​. 2018ൽ ആന്‍റിഗ്വയിലെത്തിയ ചോക്​സി അവിടുത്തെ പൗരത്വമെടുത്തിരുന്നു. തുടർന്ന്​ തട്ടിപ്പുകേസിൽ ഇന്ത്യ രാജ്യവ്യാപക അന്വേഷണത്തിന്​ വേഗം കൂട്ടിയതോടെ ചോക്​സി അവിടെ നിന്ന്​ അപ്രത്യക്ഷമായതായി റ​ിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആന്‍റിഗ്വയിൽനിന്ന് ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ്​ ചോക്‌സി ഡൊമിനിക്കയിൽ പിടിയിലായത്. ഇന്‍റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്.

അതിനിടെ, നിലവിൽ ഇന്ത്യൻ പൗരത്വമില്ലാത്ത ചോക്‌സിയെ അങ്ങോട്ട് അയക്കാനാകില്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വിജയ്​ അഗർവാൾ വാദിക്കുന്നത്. ആന്‍റിഗ്വയിലാണ് ചോക്‌സിക്ക് പൗരത്വമുള്ളത്. ഇതിനാൽ, ആന്‍റിഗ്വയ്ക്കു മാത്രമേ ഇദ്ദേഹത്തെ കൈമാറാനാകൂ​വെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലേക്ക്​ കടത്താനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് ചോക്​സിയെ ഡൊമിനിക്കയിലേക്കു കൊണ്ടുപോയതെന്നും അഭിഭാഷകൻ ആരോപിക്കുന്നു. 'ഇന്ത്യയിൽനിന്നുള്ള പൊലീസുകാർ ഉൾപ്പെട്ട സംഘം ആന്‍റിഗ്വയിൽനിന്ന് ബോട്ടിൽ റാഞ്ചി കൊണ്ടുപോയ ശേഷം തിങ്കളാഴ്ചയാണ് ഡൊമിനിക്കയിലെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. പിടിയിലായ വാർത്ത പുറത്തുവിട്ടത്​ ബുധനാഴ്ചയും. ഇതിനിടെ ചോക്സിയെ മർദിച്ച് അവശനാക്കിയതിന്‍റെ പാടുകളാണ്​ ഇപ്പോൾ പുറത്തുവന്ന ചിത്രത്തിലുള്ളത്​. കണ്ണുകൾ നീരുവീങ്ങിയ നിലയിലാണ്​– വിജയ് അഗർവാൾ പറയുന്നു.

Tags:    
News Summary - India sent Mehul Choksi deportation documents to Dominica

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.