ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ പങ്കുള്ള ലഷ്‍കറെ ത്വയ്യിബ ഭീകരൻ സാജിദ് മിറിനെ യു.എന്നിൽ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം തടഞ്ഞ ചൈനയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ.
നിസാര ഭൗമരാഷ്ട്രീയ താൽപര്യങ്ങൾക്കായി സുപ്രധാന തീരുമാനങ്ങളെ ചൈന എതിർക്കുകയാണെന്ന് യു.എൻ പൊളിറ്റിക്കൽ, എം.ഇ.എ ജോയിന്റ് സെക്രട്ടറി പ്രകാശ് ഗുപ്ത ഐക്യരാഷ്ട്രസഭയുടെ ഭീകരവിരുദ്ധ യോഗത്തിൽ പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി യു.എന്നിൽ പ്രസംഗിച്ചതിനു പിന്നാലെയാണ് ഇന്ത്യ ചൈനക്കെതിരെ വിമർശനവുമായെത്തിയത്. നിരവധി രാജ്യങ്ങൾ പിന്തുണയുമായെത്തിയിട്ടും ഒരു ഭീകരനെ കരിമ്പട്ടികയിൽ പെടുത്താൻ സാധിക്കുന്നില്ല എങ്കിൽ ആഗോള ഭീകരവിരുദ്ധ രൂപഘടനയിൽ വലിയ തെറ്റുണ്ടെന്ന് വിശ്വസിക്കാൻ ഞങ്ങൾക്ക് വ്യക്തമായ കാരണമുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി.
സാജിദ് മിറിനെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യയും യു.എസും സംയുക്തമായാണ് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിച്ചത്. സാജിദ് മിറിന്റെ സ്വത്തുക്കൾ മരവിപ്പിക്കുക, യാത്ര നിരോധനം ഏർപ്പെടുത്തുക, ആയുധ ഉപരോധം കൊണ്ടുവരിക എന്നിവയായിരുന്നു ലക്ഷ്യം. സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ കഴിഞ്ഞ സെപ്റ്റംബറിലാണ് ചൈന ആദ്യം എതിർത്തത്.
2008ലെ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിൽ സാജിദിന്റെ പങ്ക് വെളിപ്പെടുത്ത ഒരു ശബ്ദ സന്ദേശം കഴിഞ്ഞ വർഷം ഇന്ത്യ യു.എന്നിൽ കേൾപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ശബ്ദ സന്ദേശം ഇന്ത്യ വീണ്ടും കേൾപ്പിക്കുകയുണ്ടായി.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാജിദിന്റെ തലക്ക് യു.എസ് അഞ്ച് കോടി ഡോളർ വിലയിട്ടിരുന്നു. കഴിഞ്ഞ വർഷം ജൂണിൽ തീവ്രവാദത്തിന് ധനസഹായം നൽകിയ കേസിൽ പാക്കിസ്താനിലെ ഭീകര വിരുദ്ധ കോടതി സാജിദിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തേ സാജിദ് മിർ മരിച്ചതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കറെ ത്വയ്യിബയിലെ മുതിർന്ന അംഗമാണ് സാജിദ് മിർ. ആക്രമണങ്ങളുടെ ആസൂത്രണത്തിലും തയ്യാറെടുപ്പിലും നിർവഹണത്തിലും പ്രധാന പങ്ക് വഹിച്ച സാജിദ് മിർ ലഷ്‌കറിന്റെ ഓപറേഷൻസ് മാനേജരായിരുന്നു എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.