ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യ ലംഘനം സംബന്ധിച്ച യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ (യു.എസ്.സി.ഐ.ആർ.എഫ്) റിപ്പോർട്ടിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
രാഷ്ട്രീയ അജണ്ടയോടെ ഏകപക്ഷീയ നിലപാട് സ്വീകരിക്കുകയാണ് യു.എസ് കമീഷനെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വാർഷിക റിപ്പോർട്ടെന്ന പേരിൽ ഇന്ത്യക്കെതിരെ പ്രചാരണം നടത്തുകയാണ് കമീഷൻ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ മനസ്സിലാക്കാൻ യു.എസ്.സി.ഐ.ആർ.എഫ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള അവരുടെ ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് അധീന കശ്മീരിലെ ഷാക്സ്ഗാം താഴ്വരയിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെയും വിദേശകാര്യ മന്ത്രാലയ വക്താവ് വിമർശിച്ചു. ഷാക്സ്ഗാം താഴ്വര ഇന്ത്യയുടെ ഭാഗമാണ്. പ്രദേശം ചൈനക്ക് നിയമവിരുദ്ധമായി വിട്ടുകൊടുത്ത 1963ലെ ചൈന-പാകിസ്താൻ കരാറിനെ ഇന്ത്യ അംഗീകരിച്ചിട്ടില്ല. പ്രദേശത്തെ സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള നിയമവിരുദ്ധ ശ്രമമാണ് ചൈനയുടേതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.