ന്യൂഡൽഹി: സിഖുകാരുടെ തീർഥാടന കേന്ദ്രമായ കർതാർപൂർ സാഹിബിൽ പാകിസ്താൻ മോഡൽ ഫോട്ടോ ഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുതിർന്ന പാകിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചു വരുത്തി ആശങ്ക അറിയിച്ചു. ഫോട്ടോ ഷൂട്ട് വിവാദമായതോടെ പാകിസ്താൻ മോഡൽ ക്ഷമാപണം നടത്തിയിരുന്നു.
പാകിസ്താൻ മോഡൽ സൗലേഹയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോ പിൻവലിച്ച് മാപ്പ് പറഞ്ഞത്. ഈ അപലപനീയമായ സംഭവം ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള സിഖ് സമൂഹത്തിന്‍റെ വികാരങ്ങളെ ആഴത്തിൽ വ്രണപ്പെടുത്തിയതായി പാകിസ്താൻ പ്രതിനിധിയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് പ്രസ്താവനയിൽ അറിയിച്ചു. പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങളുടെ മതപരമായ ആരാധനാലയങ്ങളെ അവഹേളിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ഇത്തരം തുടർച്ചയായ സംഭവങ്ങൾ ഈ സമുദായങ്ങളുടെ വിശ്വാസത്തോടുള്ള ബഹുമാനമില്ലായ്മയെ എടുത്തുകാണിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
സംഭവത്തിൽ അത്മാർഥമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതിനിധിയെ അറിയിച്ചു. കഴിഞ്ഞ ദിവസം കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ നിന്നു പകർത്തിയ ഫോട്ടോ സൗലേഹ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. തലമറക്കാതെ ദർബാർ സാഹിബിൽ നിന്നെടുത്ത ഫോട്ടോ, സിഖ് സമൂഹത്തിനെ വ്രണപ്പെടുത്തുന്നതാണെന്ന് സമൂഹമാധ്യമങ്ങളിൽ ആക്ഷേപം ഉയർന്നതോടെ ഫോട്ടോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയുമായിരുന്നു സൗലേഹ.
തിങ്കളാഴ്ച പ്രമുഖ വസ്ത്ര വ്യാപാര ബ്രാന്‍റ് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ദർബാർ സാഹിബിൽ നിന്നുള്ള സൗലേഹയുടെ ഫോട്ടോ പ്രമോഷനു വേണ്ടി പോസ്റ്റു ചെയ്തതോടെയാണ് വിവാദമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.