ന്യൂഡൽഹി: സ്വതന്ത്ര ഫലസ്തീൻ രൂപീകരിക്കുന്നതിനെ പിന്തുണക്കുന്നുവെന്ന് ഇന്ത്യ. വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാച്ചിയാണ് നിലപാട് അറിയിച്ചത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് വിദേശകാര്യമന്ത്രാലയം വക്താവ് ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യത്തിൽ ഇന്ത്യയുടെ നയം ദീർഘകാലമായുള്ളതും സുസ്ഥിരവുമാണ്. സ്വതന്ത്ര-പരമാധികാര ഫലസ്തീൻ രുപീകരിക്കുന്നതിനായുള്ള ചർച്ചകൾ തുടരണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇത്തരത്തിൽ രൂപീകരിക്കുന്ന രാജ്യത്തിന് സുരക്ഷിതമായ അതിർത്തികളും ഇസ്രായേലുമായി സമാധാനപരമായ ബന്ധവും വേണമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സാധാരണക്കാരുമായി ബന്ധപ്പെട്ട ചോദ്യത്തിന് മനുഷ്യാവകാശ നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, തീവ്രവാദത്തിനെതിരെ പോരാടുകയെന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്കാരെ ഇന്ത്യയിൽ നിന്ന് തിരികെയെത്തിക്കുന്നതിനായി ആദ്യ വിമാനം ഇന്ന് രാത്രിയോടെ ടെൽ അവീവിലെത്തും. 230 ഇന്ത്യൻ പൗരൻമാരെ വിമാനത്തിൽ നാട്ടിലെത്തിക്കും. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായുള്ള 'ഓപ്പറേഷൻ അജയ്' ഇന്ന് തന്നെ ആരംഭിക്കുമെന്നും വ്യോമസേനയെ ഇതിന്റെ ഭാഗമാക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.