ഇന്ത്യയിലെ മോദി ഡോക്യുമെന്ററി പ്രദർശനം; ബി.ബി.സി റിപ്പോർട്ടുകൾ ഇങ്ങനെ

ഒരാഴ്ച മുമ്പ് ബി.ബി.സി പുറത്തുവിട്ട ‘ഇന്ത്യ; ദി മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി ഇന്ത്യയിൽ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി സർക്കാർ ഡോക്യുമെന്ററിക്ക് രാജ്യത്ത് അപ്രഖ്യാപിത വിലക്ക് കൽപിച്ചതിനെ തുടർന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും വിവിധയിടങ്ങളിൽ ഇതിന്റെ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്. ബി.ജെ.പിയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും പ്രദർശനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഡോക്യുമെന്ററി റിലീസ് ചെയ്തതിതന്​ ശേഷം ഇന്ത്യയിലുണ്ടാകുന്ന സംഭവവികാസങ്ങൾ സംബന്ധിച്ചും ബി.ബി.സി വിശദമായ റിപ്പോർട്ടുകൾ നൽകുന്നുണ്ട്.

ബി.ബി.സി റിപ്പോർട്ടിൽനിന്ന്:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002ലെ മാരകമായ വംശഹത്യയിലെ അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചുമുള്ള ബി.ബി.സി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി ഇന്ത്യയിലെ പ്രസിദ്ധമായ രണ്ട് സർവകലാശാലകളിൽ സംഘർഷം ഉടലെടുത്തിട്ടുണ്ട്. ഡൽഹിയിലെ ജാമിഅ മില്ലിയ ഇസ്‌ലാമിയ യൂനിവേഴ്‌സിറ്റിയിൽ സ്‌ക്രീനിങ്ങ് നടത്തുന്നതിന് മുന്നോടിയായി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ വരുന്നു.

ചിത്രം പ്രദർശിപ്പിക്കുന്നത് തടയാൻ വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ചതായി ഡൽഹിയിലെ മറ്റൊരു സർവകലാശാലയിലെ വിദ്യാർഥികൾ ചൊവ്വാഴ്ച പറഞ്ഞു. ഡോക്യുമെന്ററിക്ക് വസ്തുനിഷ്ഠത ഇല്ലെന്നും അത് "പ്രൊപഗൻഡ" ആണെന്നും ഇന്ത്യൻ സർക്കാർ പറയുന്നു. യു ട്യൂബിലും ട്വിറ്ററിലും ഡോക്യുമെന്ററി തടയാൻ അടിയന്തര നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജാമിഅ സർവകലാശാലയിൽ ഡസൻ കണക്കിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. "അനധികൃതമായ ഒത്തുചേരലുകൾ" അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാമ്പസിലുള്ള ബി.ബി.സി ഹിന്ദി റിപ്പോർട്ടർ, സർവകലാശാലയുടെ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണെന്നും അന്തരീക്ഷം ഇപ്പോൾ ശാന്തമാണെന്നും അറിയിച്ചു. എന്നാൽ, പുറത്ത് വിദ്യാർഥികളുടെയും മാധ്യമപ്രവർത്തകരുടെയും വലിയ തിരക്കാണ്. പൂട്ടിയ ഗേറ്റിന് പുറത്ത് ഡസൻ കണക്കിന് പൊലീസ് ഉദ്യോഗസ്ഥർ വരിയിൽ നിൽക്കുന്നതായി വീഡിയോകൾ കാണിക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥി സംഘടനയായ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് സ്ക്രീനിംഗ് പ്രഖ്യാപിച്ചത്.

രാജ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം ജനുവരി 20ന് ഇന്ത്യയുടെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിൽ 50 ട്വീറ്റുകൾ തടഞ്ഞതായി ട്വിറ്റർ ബി.ബി.സിയോട് സ്ഥിരീകരിച്ചു.

Tags:    
News Summary - india the modi question; bbc news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.