ന്യൂഡൽഹി: സുരക്ഷ ഭീതി നിലനിൽക്കുന്ന ഇസ്രായേലിലേക്ക് ഉഭയകക്ഷി കരാർ അനുസരിച്ച് ഇന്ത്യൻ നിർമാണ തൊഴിലാളികളുടെ ആദ്യം സംഘം എത്തി. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേലിലേക്ക് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ മലയാളി തൊഴിലാളി കൊല്ലപ്പെട്ടിരുന്നു.
അറുപതിലധികം ഇന്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ചൊവ്വാഴ്ച ഇസ്രായേലിലേക്ക് പോയതെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നൗർ ഗിലോൺ അറിയിച്ചു.
അതേസമയം, ഫലസ്തീനുമായുള്ള യുദ്ധത്തിന് മുമ്പുള്ള കരാറാണിതെന്നും തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ഇസ്രായേലി അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഉഭയകക്ഷി കരാറിന്റെ ഭാഗമായാണ് തൊഴിലാളികൾ പോയത്. ഏകദേശം 18,000 ഇന്ത്യക്കാർ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. 1,0,000 ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ ഇസ്രായേലി കമ്പനികൾ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന 90,000 ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രായേൽ സർക്കാറിെന്റ പദ്ധതിയുടെ ഭാഗമായാണ് നടപടി.
Today we had a farewell event from the first batch of 60+ Indian construction workers going to Israel under the G2G agreement.
— Naor Gilon (@NaorGilon) April 2, 2024
This is an outcome of hard work of many, including @NSDCINDIA.
I’m sure that the workers become ‘ambassadors’ of the great P2P relations between 🇮🇳🇮🇱. pic.twitter.com/S94OQz4BTG
സംഘർഷ മേഖലയായ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂനിയനുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോർപറേഷനാണ് (എൻ.എസ്.ഡി.സി) തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ആവിഷ്കരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നത്. ദീർഘകാലമായുള്ള ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർക്കുന്നതാണ് നടപടിയെന്നും ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തുന്നു.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) എന്നിവയും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇസ്രായേലിലേക്ക് 42,000 തൊഴിലാളികളെ അയക്കാൻ 2023 മേയിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹെന്റ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവെച്ച കരാർ റദ്ദാക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിർമാണത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.