ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടു യുവതികളെ ജനക്കൂട്ടം കൂട്ടബലാത്സംഗത്തിനിരയാക്കി പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിച്ചതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കേന്ദ്ര സർക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷയത്തിലെ മൗനത്തിനെതിരെയും ഉയരുന്നത്. മണിപ്പൂരിൽ മനുഷ്യത്വം മരിച്ചെന്ന് കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ട്വീറ്റ് ചെയ്തു.
മോദി സർക്കാറും ബി.ജെ.പിയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും ഭരണകൂടത്തിന്‍റെ സൂക്ഷ്മമായ സാമൂഹിക ഘടനയെയും തകർത്ത് മൊബോക്രസിയാക്കി മാറ്റി. നരേന്ദ്രമോദീ, നിങ്ങളുടെ മൗനം ഇന്ത്യ ഒരിക്കലും പൊറുക്കില്ല -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
നിങ്ങളുടെ സർക്കാറിൽ മനസ്സാക്ഷിയോ നാണക്കേടോ അവശേഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മണിപ്പൂരിനെക്കുറിച്ച് പാർലമെന്‍റിൽ സംസാരിക്കുകയും എന്താണ് സംഭവിച്ചതെന്ന് രാജ്യത്തോട് പറയുകയും ചെയ്യുക. ഈ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾ മണിപ്പൂരിലെ ജനങ്ങളോടൊപ്പം നിൽക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
കലാപം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽനിന്ന് കഴിഞ്ഞ ദിവസമാണ് നടക്കുന്ന ഒരു സംഭവം പുറത്തുവന്നത്. രണ്ട് കുക്കി യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുകയായിരുന്നു. മേയ് നാലിന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതോടെ സംഭവത്തിൽ നടപടിയുണ്ടായിട്ടുണ്ട്. തൗബാൽ ജില്ലയിൽ നിന്നും ഇന്ന് ഒരാൾ അറസ്റ്റിലായതായി മണിപ്പൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.