ആരാണ് ദേശീയ പതാക നിർമിക്കുന്നത്? അറിയാൻ ഏറെയുണ്ട്...

"ദേശീയ പതാക ഒരു രാജ്യത്തിന്‍റെ ആവശ്യമാണ്. ലക്ഷക്കണക്കിനാളുകൾ അത് നേടിയെടുക്കാനായി ജീവൻ നൽകിയിട്ടുണ്ട്. അതുകൊണ്ട് പതാകക്കെതിരായ ഏത് നീക്കവും പാപമാണ്"- മഹാത്മ ഗാന്ധി

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടടുക്കുമ്പോൾ മുഴങ്ങുന്ന വാക്കുകളാണിത്. എന്നാൽ, ഇന്ത്യയിൽ പതാക നിർമിക്കുന്നതിന്‍റെ യഥാർഥ അധികാരം ആർക്കാണ്? അറിയാം കെ.കെ.ജി.എസ്.എസിനെ കുറിച്ച്...

കർണാടകയിലെ ധർവാദ് ജില്ലയിലെ ഖാദി ഗ്രാമോദ്യോഗ് സംയുക്ത സംഘത്തിനാണ് (കെ.കെ.ജി.എസ്.എസ്) ഇന്ത്യയിൽ ദേശീയ പതാക നിർമിക്കാനും രാജ്യത്തുടനീളം വിതരണം ചെയ്യാനുമുള്ള ഏക അധികാരം. പതാക നിർമിക്കുന്നതിനായി കെ.കെ.ജി.എസ്.എസിന് ഇന്ത്യൻ സ്റ്റാൻഡേഡ്സ് ബ്യൂറോയുടെ അനുമതി ലഭിച്ചിട്ടുണ്ട്.


1957 നവംബർ ഒന്നിന് ഒരു കൂട്ടം ഗാന്ധിയന്മാർ ചേർന്നാണ് കെ.കെ.ജി.എസ്.എസ് സ്ഥാപിക്കുന്നത്. 10,500 രൂപ നിക്ഷേപത്തിൽ തുടങ്ങിയ സ്ഥാപനം ഇന്നേറെ ദൂരം പിന്നിട്ടു. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന വെങ്കടേശ് മേവാഡിയായിരുന്നു സ്ഥാപനത്തിന്‍റെ ആദ്യ ചെയർമാൻ. ഇന്ന് 58 ശാഖകൾ സ്ഥാപനത്തിന് കീഴിലുണ്ട്. ഹുബ്ബള്ളിയിലെ ബംഗേരിയിലാണ് 17 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഹെഡ്ക്വാർട്ടേഴ്സ്. ഇവിടെ ടെക്സ്റ്റൈൽ കെമിസ്ട്രിയിൽ കുട്ടികൾക്ക് പരിശീലനവും നൽകുന്നുണ്ട്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പല മതവിഭാഗത്തിലുമുള്ള സ്ത്രീകൾക്ക് 2006ൽ പതാക ഉണ്ടാക്കുന്നതിന്‍റെയും രാജ്യമാകെ വിതരണം ചെയ്യുന്നതിന്‍റെയും ഉത്തരവാദിത്തം നൽകിയിരുന്നു. ഇവിടെ നൂറിൽപരം നെയ്ത്തുകാരുണ്ട്. പതാകയുടെ എല്ലാ സൂക്ഷ്മമായ പ്രത്യേകതകളും ശ്രദ്ധിച്ചാണ് നിർമിക്കേണ്ടതെന്ന് നിർദേശമുണ്ട്. ചെറിയ പിഴവുപോലും നിയമപരമായി ശിക്ഷാർഹമായതിനാൽ ഇന്ത്യൻ സ്റ്റാൻഡേഡ്സ് ബ്യൂറോയുടെ നിർദേശങ്ങൾ പാലിച്ചാണ് നിർമാണം.


ചെറിയ പതാകക്ക് 6*4 ഇഞ്ചും വലുതിന് 21*14 അടിയുമാണ് അനുവദനീയം. ഒരു പതാകയിൽ ഉണ്ടാകാവുന്ന നൂലുകൾക്കും എണ്ണമുണ്ട്. നിർമിക്കുന്ന തുണിയുടെ നിലവാരം 18 തവണ വിലയിരുത്തിയ ശേഷമാണ് പതാക പൂർണരൂപത്തിലാക്കാനായി കെ.കെ.ജി.എസ്.എസിൽ എത്തിക്കുക. ശേഷം പതാക മടക്കുന്നതും പ്രത്യേക രീതിയിലാണ്. വെള്ള അകത്തും അതിന് മീതെ കുങ്കുമനിറവും അതിന് പുറത്ത് പച്ചയും വരുന്ന രീതിയിലാണ് മടക്കുക. കുങ്കുമ നിറം വേഗത്തിൽ മായുമെന്നതിനാലാണ് അത് അകത്ത് വരുന്ന രീതിയിൽ മടക്കുന്നത്.


കഴിഞ്ഞ വർഷം രണ്ടര കോടി രൂപയുടെ പതാകകളാണ് ഇവിടെനിന്ന് വിറ്റത്. 2022ൽ ഭാരതം സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കെ.കെ.ജി.എസ്.എസ് മുൻ കാലത്തെക്കാളും വിൽപനയാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - India@75: Inside the country’s only certified flag-making unit in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.