ന്യൂഡൽഹി: അഴിമതി, പെഗാസസ് വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി, വ്യവസായ പ്രമുഖൻ ഗൗതം അദാനി എന്നിവർക്കെതിരെ കേസ് ഫയൽ ചെയ്ത് ആന്ധ്രസ്വദേശിയായ ഇന്ത്യൻ-അമേരിക്കൻ ഡോക്ടർ. റിച്ച്മണ്ട് ആസ്ഥാനമായുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോകേഷ് വുയുരു ആണ് നേതാക്കൾക്കും അദാനിക്കുമെതിരെ പരാതി സമർപ്പിച്ചത്.
കൊളംബിയയിലെ ജില്ലാ കോടതി ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് സമൻസ് അയിച്ചിട്ടുണ്ട്. മോദിയും, ജഗൻ മോഹൻ റെഡ്ഡിയും അദാനിയും ചേർന്ന് യു.എസിലേക്ക് വൻ തോതിൽ പണം കൈമാറ്റം ചെയ്യുന്നതായും രാഷ്ട്രീയ എതിരാളികൾക്കെതിരെ പെഗാസസ് സ്പൈവെയർ ഉപയോഗിക്കുന്നതായും അദ്ദേഹം പരാതിയിൽ ആരോപിച്ചു. എന്നാൽ മറ്റ് തെളിവുകളൊന്നും വുയുരു ഹാജരാക്കിയിട്ടില്ല. മെയ് 24നാണ് അദ്ദേഹം പരാതി നൽകിയത്. തുടർന്ന് ജൂലൈ 22ന് ആരോപിതർക്കെതിരെ കോടതി സമൻസ് അയച്ചു.
അദ്ദേഹത്തിന് ധാരാളം ഒഴിവു സമയമുള്ളതായിരിക്കാം ഇത്തരമൊരു പരാതിക്ക് പിന്നിലെന്ന് ന്യൂയോർക്കിൽ നിന്നുള്ള പ്രമുഖ ഇന്ത്യൻ-അമേരിക്കൻ അറ്റോർണി രവി ബത്ര പ്രതികരിച്ചു. "അമേരിക്കൻ സഖ്യകക്ഷിയായ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ 53 പേജുള്ള പരാതി സമർപ്പിച്ച അദ്ദേഹത്തിന് ധാരാളം ഒഴിവ് സമയമുണ്ടെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അദ്ദേഹത്തിന്‍റെ പരാതി സ്വീകരിക്കാൻ ഒരു വക്കീലും തയാറായില്ല എന്നത് വളരെ വലിയ കാര്യമാണ്"- ബത്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.