മുംബൈ: നാവികസേനയുടെ ഡിസ്ട്രോയർ വിഭാഗത്തിൽ വരുന്ന 'ഐ.എൻ.എസ് വിശാഖപട്ടണം' പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കമീഷൻ ചെയ്തു.
ശത്രു വിമാനങ്ങളെയും മുങ്ങിക്കപ്പലുകളെയും ആക്രമിച്ച് തകർക്കാൻ ശേഷിയുള്ള നിരവധി മിസൈലുകളടങ്ങിയ യുദ്ധക്കപ്പലാണ് തദ്ദേശ നിർമിത വിശാഖപട്ടണം. രാജ്യം ഇതുവരെ നിർമിച്ചതിൽ ഏറ്റവും ആധുനിക സംവിധാനങ്ങളുള്ള കപ്പലിൽ കടലിൽ നിന്ന് കരയിലേക്കും ആകാശത്തേക്കും തൊടുക്കാവുന്ന ശബ്ദാതിവേഗ മിസൈലുകളും മാരക പ്രഹര ശേഷിയുള്ള മറ്റ് ആയുധങ്ങളും സെൻസറുകളുമുണ്ട്. നൂതന ഇലക്ട്രോണിക് ഉപകരണങ്ങളടങ്ങിയ വിശാഖപട്ടണത്തിന് ആണവ, ൈജവ, രാസ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുണ്ട്.
163 മീറ്ററാണ് നീളം. നാവികസേനയുടെ കീഴിലെ നേവൽ ഡിസൈൻ ഡയറക്ടറേറ്റാണ് രൂപകൽപന ചെയ്തത്. നിർമാണം മുംബൈയിലെ മസേഗാൺ ഡോക്കിൽ. രണ്ട് ഹെലികോപ്ടറുകൾക്ക് കപ്പലിൽ ഇറങ്ങാനും കഴിയും. കൂറ്റൻ പടക്കപ്പലുകൾക്ക് അകമ്പടിയായി പോകുന്നതും കുറഞ്ഞ ദൂരത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ഡിസ്ട്രോയർ ഇനത്തിലുള്ള കപ്പലുകൾ അതിവേഗവും പെട്ടെന്ന് വെട്ടിത്തിരിയാൻ കഴിവുള്ളതുമാണ്.
കമീഷൻ ചെയ്യുന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചൈനയെ പരോക്ഷമായി കടന്നാക്രമിച്ചു. 'ചില നിരുത്തരവാദികളായ രാജ്യങ്ങൾ'... എന്നായിരുന്നു ചൈനയെ ഉന്നമിട്ട് ആ രാജ്യത്തിെൻറ പേര് പറയാതെയുള്ള മന്ത്രിയുടെ രൂക്ഷ പരാമർശം.
'ചില നിരുത്തരവാദികളായ രാജ്യങ്ങൾ അവരുടെ സങ്കുചിത വിഭാഗീയ താൽപര്യങ്ങളും മേധാവിത്വ പ്രവണതയും മൂലം സമുദ്രവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ നിയമങ്ങൾക്ക് (യു.എൻ.സി.എൽ.ഒ.എസ്) തെറ്റായ നിർവചനം ചമക്കുകയാണ്. ഇത് ആശങ്കയുളവാക്കുന്നു- രാജ്നാഥ് പറഞ്ഞു.
അടുത്തിടെ ചൈന പ്രഖ്യാപിച്ച സമുദ്രനിയമങ്ങൾ ലക്ഷ്യം വെച്ചായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി. സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന നിയമം 'ചൈനയുടെ പ്രദേശത്തെ കടലി'ലേക്ക് കടക്കുന്ന വിദേശ കപ്പലുകൾ അതുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ചൈനീസ് അധികൃതരെ അറിയിക്കണമെന്ന് നിർദേശിക്കുന്നു. സൈനിക -വാണിജ്യ കപ്പലുകൾക്ക് ഒരുപോലെ ബാധകമാണ് ചൈനയുടെ പുതിയ വ്യവസ്ഥകൾ. അതേസമയം, ഒരു രാജ്യത്തിെൻറ സുരക്ഷക്ക് ഭീഷണിയാകുന്നില്ലെങ്കിൽ വിദേശ കപ്പലുകൾ കടന്നുപോകുന്നതിനെ തീരരാജ്യങ്ങൾ തടസ്സപ്പെടുത്തരുതെന്നാണ് യു.എൻ നിയമം അനുശാസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.