കടൽക്കൊള്ളക്കാരെ നേരിട്ട് ഇന്ത്യൻ നാവികസേന ഇറാൻ കപ്പൽ മോചിപ്പിച്ചു; 23 പാക് പൗരന്മാരെയും രക്ഷിച്ചു

ന്യൂഡൽഹി: കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ 12 മണിക്കൂറിലേറെ നീണ്ട ഓപറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചതായി അധികൃതർ അറിയിച്ചു. കപ്പൽ ജീവനക്കാരായ 23 പാകിസ്താൻ പൗരന്മാരെയും രക്ഷിച്ചതായി നാവികസേന വക്താവ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ 'അൽ കമ്പാർ' എന്ന കപ്പൽ റാഞ്ചിയത്. ഒമ്പത് പേരാണ് കൊള്ളസംഘത്തിലുണ്ടായിരുന്നത്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ നാവികസേനക്ക് വിവരം ലഭിച്ചു. സമുദ്ര സുരക്ഷയ്ക്കായി അറബിക്കടലില്‍ വിന്യസിച്ച ഐ.എൻ.എസ് സുമേധ, ഐ.എൻ.എസ് ത്രിശൂൽ എന്നീ നാവികസേന കപ്പലുകൾ ഉടൻ തന്നെ മോചനപ്രവർത്തനത്തിൽ ഏർപ്പെട്ടു.


സായുധരായ ഒമ്പത് കടൽക്കൊള്ളക്കാരും വൈകീട്ടോടെ കീഴടങ്ങിയതായി നാവികസേന അറിയിച്ചു. സംഭവസമയത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്ത സൊകോത്ര ദ്വീപ് സമൂഹത്തിൽനിന്ന് ഏകദേശം 90 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു മത്സ്യബന്ധന കപ്പൽ.

മേഖലയിലെ സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഉറപ്പാക്കാൻ, അവർ ഏത് രാജ്യക്കാരാണെങ്കിലും ശരി, തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യൻ നാവികസേന പറഞ്ഞു. ഇതിനായി കടൽകൊള്ളക്കാർക്കെതിരെ ‘ഓപറേഷൻ സങ്കൽപ്’ എന്ന പേരിൽ നാവികസേന പ്രവർത്തനവുമായി മുന്നോട്ടുപോവുകയാണെന്ന് കഴിഞ്ഞദിവസം ചീഫ് അഡ്മിറൽ ആർ. ഹരികുമാർ പറഞ്ഞിരുന്നു.

Tags:    
News Summary - Indian Navy rescues hijacked Iranian fishing vessel, 23 Pakistani crew members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.