കൊളംബൊ: ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) ചാർട്ടർ ചെയ്ത പടുകൂറ്റൻ എണ്ണക്കപ്പലിന് ശ്രീലങ്കയുടെ കിഴക്കൻ തീരത്തിന് അകലെ തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 23 പേരിൽ ഒരാളെ കാണാതായിട്ടുണ്ട്. മറ്റൊരാൾക്ക് പരിക്കേറ്റു. 19 പേർ ലൈഫ് ബോട്ടിൽ രക്ഷപ്പെട്ടതായി ശ്രീലങ്കൻ നാവിക സേന വക്താവ് അറിയിച്ചു. പരിക്കേറ്റയാളെ നാവിക സേന കരക്കെത്തിച്ചിട്ടുണ്ട്. ലങ്കയുടെ നാലു നാവിക കപ്പൽ രക്ഷാ പ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.
തീപിടിത്തത്തിലുണ്ടായ നാശനഷ്ടം വ്യക്തമല്ല. 2,70,000 ടൺ എണ്ണ (രണ്ടു ദശലക്ഷം ബാരൽ)കയറ്റിയ കപ്പലിലാണ് തീപിടിത്തവും സ്ഫോടനവുമുണ്ടായതെന്ന് ഇന്ത്യൻ തീരസേന ട്വിറ്ററിലൂടെ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 7.45ഓടെയാണ് സംഭവം. അടിയന്തര രക്ഷാപ്രവർത്തനത്തിനായി ശ്രീലങ്കയുടെ രണ്ട് നിരീക്ഷണ വിമാനങ്ങളും രണ്ട് കപ്പലുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി ശ്രീലങ്കൻ നാവികസേന വക്താവ് കമാൻഡർ രഞ്ജിത് രാജപക്സ അറിയിച്ചു.
കുവൈത്തിലെ മിന അൽ അഹ്മദി തുറമുഖത്തുനിന്ന് എണ്ണയുമായി ഐ.ഒ.സി റിഫൈനറി സ്ഥിതി ചെയ്യുന്ന ഒഡിഷയിലെ പാരദ്വീപിലേക്ക് പുറപ്പെട്ടതാണ് കപ്പൽ. മൂന്നു ദശലക്ഷം ബാരൽ ആണ് പാരദ്വീപ് റിഫൈനറിയുടെ സംസ്കരണ ശേഷി. തീപിടിച്ചത് ന്യൂ ഡയമണ്ട് എന്ന് പേരുള്ള വലിയ വലിപ്പമുള്ള വിഭാഗത്തിൽപ്പെട്ട (വെരി ലാർജ് ക്രൂഡ് കാരിയർ) ചാർട്ടേഡ് എണ്ണക്കപ്പലാണെന്നും ശ്രീലങ്കൻ തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് തീപിടിച്ചതെന്നും ശ്രീലങ്കൻ നാവികസേന വക്താവ് പറഞ്ഞു. കപ്പലിൽനിന്ന് എണ്ണ കടലിൽ പരക്കാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുന്നതായി ശ്രീലങ്കൻ കടൽ സംരക്ഷണ അതോറിറ്റി അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസിെൻറ ചാർട്ടർ കപ്പലായ ഹെലൻ എമ്മും രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.