ന്യൂഡൽഹി: സമൂഹ മാധ്യമ ഭീമനായ ഫേസ്ബുക്ക് ആർ.എസ്.എസിനും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന് അവസരം നൽകിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ഫേസ്ബുക്ക് അധികൃതരെ ചർച്ചക്ക് വിളിച്ച് വിവര സാങ്കേതിക വകുപ്പിെൻറ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി. രാജ്യത്ത് രാഷ്ട്രീയ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരെ ചോദ്യം ചെയ്യുമെന്ന് പാനൽ അംഗം റോയിറ്റേഴ്സിനോട് പ്രതികരിച്ചു. സെപ്തംബർ 2നാണ് ഫേസ്ബുക്ക് അധികൃതരുമായി ചർച്ച നടത്തുകയെന്നും അരമണിക്കൂറോളം നീളുമെന്നും റിപ്പോർട്ടുകളുണ്ട്.
വിദ്വേഷ പോസ്റ്റുകൾ പങ്കുവെക്കുന്ന ബി.ജെ.പി നേതാക്കൾക്കെതിരെ നടിപടിയെടുക്കാത്ത ഫേസ്ബുക്ക് ഇന്ത്യയുടെ നിലപാട് വലി വിവാദത്തിന് തിരികൊളുത്തിയിരുന്നു. ബി.ജെ.പിയാണ് സോഷ്യൽ മീഡിയ നിയന്ത്രിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശവും വന്നതോടെ ഫേസ്ബുക്ക് പൂർണ്ണമായും പ്രതിക്കൂട്ടിലാവുകയായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതരെ ചർച്ചക്ക് വിളിക്കാൻ വിവര സാങ്കേതിക വകുപ്പ് തീരുമാനിച്ചത്
വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന പരാതിയിൽ ഫേസ്ബുക്കിന്‍റെ പബ്ലിക് പോളിസി ഡയറക്ടർ അംഖി ദാസിനെതിരെയും ഫേസ്ബുക് ഉപയോക്താക്കളായ മറ്റ് രണ്ട് പേർക്കെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഫേസ്ബുകിന്‍റെ ദക്ഷിണ-മധ്യ ഏഷ്യയുടെ ചുമതലയുള്ള പബ്ലിക് പോളിസി ഡയറക്ടറാണ് അംഖി ദാസ്. മതവികാരം വ്രണപ്പെടുത്തൽ, സാമുദായിക ശത്രുതയ്ക്ക് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.