ന്യൂഡൽഹി: റിസര്വേഷന് ഇല്ലാത്ത ജനറൽ സെക്കന്‍റ് ക്ലാസ് കോച്ചുകൾ എ.സി.യാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവെ. സാധാരണക്കാരന്‍റെ യാത്ര കൂടുതൽ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നേരത്തെ അവതരിപ്പിച്ച ഇക്കോണമി എ.സി 3-ടയർ കോച്ചിന് തുടർച്ചെയായാണ് സെക്കന്‍റ് ക്ലാസ് കോച്ചുകളുടെ എ.സി വത്ക്കരണം.
കപ്പൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലാണ് (ആർ.സി.എഫ്) പുതിയ എ.സി ജനറൽ സെക്കൻഡ് ക്ലാസ് കോച്ച് നിർമ്മിക്കുന്നത്. ഇൗ പദ്ധതി വഴി സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്ന് ആർ.സി.എഫ് ജനറൽ മാനേജർ രവീന്ദർ ഗുപ്ത പറഞ്ഞു.
പുതിയ എ.സി ജനറൽ സെക്കൻഡ് ക്ലാസ് കോച്ചിെന്റ രൂപകൽപന അന്തിമഘട്ടത്തിലാണ്. രൂപകൽപനാ പ്ലാനും ഡിസൈനുകളും റെയിൽവേ ബോർഡ് അംഗീകരിച്ചു കഴിഞ്ഞാൽ ഈ വർഷാവസാനത്തോടെ കോച്ചിന്‍റെ ആദ്യമാതൃക പുറത്തിറക്കാനാകുമെന്നാണ് ആർ.സി.എഫ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ജനറൽ സെക്കൻഡ് ക്ലാസ് കോച്ചിൽ 100 പേർക്കാണ് ഇരിക്കാൻ കഴിയുക. എന്നാൽ പുതിയ എ.സി ജനറൽ സെക്കൻഡ് ക്ലാസ് കോച്ചിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ദീർഘദൂര മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലാണ് ഈ കോച്ചുകൾ ഉപയോഗിക്കുക. എ.സി അല്ലാത്ത കോച്ചുകൾക്ക് 110 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ സഞ്ചരിക്കാനാകില്ല. മെയിൽ / എക്സ്പ്രസ് ട്രെയിനുകളിൽ സ്ലീപ്പർ ക്ലാസ് കോച്ചുകൾക്ക് പകരമായി അവതരിപ്പിച്ച എക്കണോമി എ. സി 3-ടയർ 180 കിലോമീറ്റർ വരെ വേഗത കൈവരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.