ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്: കാന്‍സസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടതിന്‍െറ ഞെട്ടല്‍ മാറും മുമ്പേ മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. സൗത്ത് കരോലൈനയിലെ ലന്‍കാസ്റ്റര്‍ സിറ്റി കൗണ്ടിയില്‍ വ്യാപാരിയായ ഹാര്‍ണിഷ് പട്ടേലിനെയാണ് (43) വ്യാഴാഴ്ച രാത്രി 11.24ന് വീടിന്‍െറ മുറ്റത്ത് വെടിയേറ്റു മരിച്ചനിലയില്‍ കണ്ടത്തെിയത്. ശരീരത്തിന്‍െറ പല ഭാഗങ്ങളിലും വെടിയേറ്റിരുന്നു. സംഭവത്തിന്‍െറ കാരണം വ്യക്തമല്ല. വംശീയാക്രമണമല്ളെന്നാണ് പൊലീസിന്‍െറ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.

വ്യാഴാഴ്ച രാത്രി കടയടച്ച് സ്വന്തം വാഹനത്തില്‍ വീട്ടിലേക്കു വരുന്ന വഴിയില്‍വെച്ചാണ് കൊലയാളി ഹാര്‍ണിഷിനെ പിടികൂടിയതെന്നാണ് പൊലീസിന്‍െറ നിഗമനം. 10 മിനിറ്റോളം അദ്ദേഹത്തെ കൊലയാളി തടവില്‍വെച്ചുവെന്നും പൊലീസ് സംശയിക്കുന്നു. കടയില്‍നിന്ന് ആറ് കിലോമീറ്റര്‍ ദൂരമുണ്ട് വീട്ടിലേക്ക്. അയല്‍വാസിയാണ് സംഭവം അറിഞ്ഞ് പൊലീസിനെ വിവരമറിയിച്ചത്. വെടിവെപ്പ് നടക്കുമ്പോള്‍ ഹാര്‍ണിഷിന്‍െറ ഭാര്യയും വിദ്യാര്‍ഥിയായ മകനും വീട്ടിലുണ്ടായിരുന്നു. മേഖലയിലെ ഇന്ത്യന്‍ വംശജരുടെ സാമൂഹിക കൂട്ടായ്മകളില്‍ സജീവമായിരുന്നു ഹാര്‍ണിഷ് എന്ന് സുഹൃത്തുകള്‍ അനുസ്മരിച്ചു.

ഫെബ്രുവരി 22ന് കാന്‍സസില്‍ ശ്രീനിവാസ് കുചിബോട്ല എന്ന എന്‍ജിനീയര്‍ വംശീയാക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അനുശോചനം രേഖപ്പെടുത്തിയതിന്‍െറ തൊട്ടടുത്ത ദിവസമാണ് ഹാര്‍ണിഷിന്‍െറ മരണം. മുന്‍ സൈനികനായിരുന്നു ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസിനെ വധിച്ചത്. ‘പശ്ചിമേഷ്യക്കാരും ഭീകരവാദികളുമായ നിങ്ങള്‍ എന്‍െറ രാജ്യത്തുനിന്ന് പുറത്തുകടക്കൂ’ എന്ന് പറഞ്ഞശേഷമായിരുന്നു ഇയാള്‍ വെടിവെപ്പ് നടത്തിയത്.

സംഭവം, ട്രംപിന്‍െറ കുടിയേറ്റവിരുദ്ധ നയത്തിന്‍െറ പ്രതിഫലനമാണെന്ന തരത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, വൈറ്റ്ഹൗസും പിന്നീട് ട്രംപും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇതുസംബന്ധിച്ച വിവാദം കെട്ടടങ്ങും മുമ്പാണ് ഹാര്‍ണിഷിന്‍െറ മരണവാര്‍ത്ത എത്തിയിരിക്കുന്നത്.

 

Tags:    
News Summary - indian shot dead in america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.